പീഡനക്കേസുകൾക്കുള്ള സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ

0
85

ലൈംഗീക പീഡന കേസുകളിലെ വിചാരണ അതിജീവിതയ്ക്ക് ഉപദ്രവമാകരുതെന്നും മാന്യമായിട്ടായിരിക്കണം വിചാരണ നടപടികൾ നടത്തേണ്ടതെന്നും ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങിൽ പൂർത്തിയാക്കണമെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പർഡിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചു.

പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിതയെന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണം. രഹസ്യ വിചാരണയാണ് നടക്കുന്നതെന്ന് കോടതി ഉറപ്പ് വരുത്തണം. മൊഴി നൽകുമ്ബോൾ പ്രതിയെ കാണാതെയിരിക്കാൻ വിചാരണക്കോടതി നടപടി സ്വീകരിക്കണം. ഇതിനായി ഒരു സ്‌ക്രീൻ വയ്ക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. അതിന് സാധിക്കുന്നില്ലങ്കിൽ അതിജീവിത മൊഴി നൽകുമ്ബോൾ പ്രതിയോട് കോടതി മുറിക്ക് പുറത്ത് നിൽക്കാൻ നിർദേശിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

വിചാരണയ്ക്കിടെ പീഡനം സംബന്ധിച്ച്‌ ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണം. ലജ്ജകരവും അനുചിതവുമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. അതിജീവിതയ്ക്ക് വിചാരണ നടപടികൾ കഠിനമാകരുത്. ലജ്ജകരവും അനുചിതവുമായ ചോദ്യങ്ങൾ പാടില്ലെന്നും കോടതി നിർദേശിച്ചു.

മധ്യപ്രദേശിലെ ഗ്വാളിയോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വൈസ് ചാൻസലർക്കെതിരെ ലൈംഗീക പീഡന കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം കോടതി സുപ്രധാനമായ നിർദേശങ്ങൾ നൽകിയത്. പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. കേസ് എടുക്കാത്ത പോലീസ് നടപടി നിർഭാഗ്യകരമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പോലീസ് ഇടപെടാൻ വിസമ്മതിക്കുന്ന സന്ദർഭങ്ങളിൽ കോടതികൾക്ക് കൂടുതൽ ഉത്തരവാദിത്വം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.