തമിഴ്നാട്ടിലെ മഹാബലിപുരത്തു നടന്ന 44ആമത് ചെസ് ഒളിമ്ബ്യാഡ് സമാപിച്ചു. വ്യക്തിഗത ഇനത്തില്‍ ഇന്ത്യയ്ക്ക് ഏഴ് മെഡലുകള്‍ ലഭിച്ചു. മലയാളി താരം നിഹാല്‍ സരിനും ഡി. ഗൂകേഷും സ്വര്‍ണം നേടി. ഇ. അര്‍ജുന് വെള്ളി ലഭിച്ചു. ആര്‍. പ്രഗ്നാനന്ദ, ആര്‍. വൈശാലി, താനിയ സച്ച്‌ദേവ്, ദിവ്യ ദേശ് മുഖ് എന്നിവര്‍ക്ക് വെങ്കലം.
ടീമിനത്തില്‍ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം ലഭിച്ചു. ഓപ്പണ്‍ വിഭാഗത്തിലെ ബി ടീമും വനിതാ വിഭാഗത്തില്‍ എ ടീമുമാണ് വെങ്കലമെഡല്‍ നേടിയത്. വനിതാവിഭാഗത്തില്‍ ഉക്രെയിന്‍ സ്വര്‍ണവും ജോര്‍ജിയ വെള്ളിയും നേടി. ഓപ്പണ്‍ വിഭാഗത്തില്‍ ഉസ്ബെക്കിസ്ഥാനാണ് സ്വര്‍ണം സ്വന്തമാക്കിയത്. അര്‍മേനിയ്ക്കാണ് വെള്ളി മെഡല്‍.
കഴിഞ്ഞ മാസം ജൂലൈ 28ന് (വ്യാഴം) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെസ് ഒളിമ്ബ്യാഡ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍, നടന്‍ രജനികാന്ത്, എ.ആര്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.