കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ന് വനിതകളുടെ നടത്തത്തില്‍ ഇന്ത്യക്ക് അതുല്യ നേട്ടം. 10000 മീറ്റര്‍(10 കിലോമീറ്റര്‍) നടത്തത്തില്‍ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡല്‍ സ്വന്തമാക്കി. 43 മിനിറ്റും 38 സെക്കന്‍ഡും കൊണ്ട് ലക്ഷ്യം കണ്ട പ്രിയങ്ക മൂന്ന് വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് ഗെയിംസിൽ രണ്ടാം സ്ഥാനത്തെത്തിയത്.
ഇന്ത്യയിൽ ഈ ഇനത്തിൽ 2017 മുതല്‍ 44:33.5 എന്ന റെക്കോര്‍ഡ് ഖുശ്ബീര്‍ കൗറിന്റെ പേരിലാണ്. ഇതാണ് ഇന്നത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ പ്രകടനത്തോടെ പ്രിയങ്ക പഴങ്കഥയാക്കിയത്. ഗെയിംസിൽ ഓസ്ട്രേലിയയുടെ ജെമീമ മൊണ്ടാഗ് 42 മിനിറ്റും 34 സെക്കന്‍ഡും കുറിച്ച് സ്വര്‍ണം നേടിയപ്പോള്‍ കെനിയയുടെ എമിലി വാമുസിക്കാണ് വെങ്കലം ലഭിച്ചത്.
യുപി സ്വദേശിനിയായ പ്രിയങ്കയുടെ ഏറ്റവും മികച്ച പ്രകടനം 48:30.35 ആയിരുന്നു. 2020 ടോക്കിയോ ഒളിമ്പിക്സില്‍ 58 പേര്‍ പങ്കെടുത്തതില്‍ 1:32:36 സമയം കുറിച്ച് പ്രിയങ്കക്ക് 17-ാം സ്ഥാനത്താണ് എത്താന്‍ കഴിഞ്ഞത്.