മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നു വൈകിട്ടോടെ തുറന്നേക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷത്തെക്കാൾ 10 അടിയിലേറെ വെള്ളമാണ് നിലവിൽ ഡാമിലുള്ളത്.
മുല്ലപ്പെരിയാർ ഡാമിന്റെ 10 ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. ഇതും നീരൊഴുക്ക് വർദ്ദിപ്പിച്ചിട്ടുണ്ട്. എന്നാൽ ആലുവ പെരിയാർ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഷട്ടറുകൾ തുറക്കുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം 3 തവണ അണക്കെട്ട് തുറന്നിരുന്നു. ഇന്നലെ രാത്രി 7നു ജലനിരപ്പ് 2381.54 അടിയിലെത്തി. ജലനിരപ്പ് 2383.53 അടിയെത്തിയാൽ ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ഇടുക്കിയിൽ നിലവിൽ അഞ്ച് അണക്കെട്ടുകളിൽ ഇതിനകം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിൽ ആണ് നിലവിൽ റെഡ് അലേർട്ടുള്ളത്.