‘ഹരിതമിത്രം’ സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സംവിധാനത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഡി. കെ മുരളി എം.എല്‍.എ നിര്‍വ്വഹിച്ചു
ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിലൂടെ മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും പൂര്‍ണ്ണമായും മാലിന്യ മുക്തമാക്കാനൊരുങ്ങി മാണിക്കല്‍ ഗ്രാമപഞ്ചായത്ത്. ഹരിതകര്‍മ്മ സേനയുടെ മാലിന്യ ശേഖരണ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ‘ഹരിതമിത്രം’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സര്‍ക്കാര്‍ പുറത്തിറക്കി. തിരുവനന്തപുരം ജില്ലയില്‍ മാണിക്കല്‍ ഗ്രാമ പഞ്ചായത്തിലാണ് പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ പദ്ധതി നടപ്പാക്കുന്നത്. ആലിയാട് വാര്‍ഡിലെ ആദ്യത്തെ വീട്ടില്‍ ക്യൂ ആര്‍ കോഡ് പതിച്ചുകൊണ്ട് ഡി. കെ മുരളി എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. മാതൃകാപരവും കാലഘട്ടത്തിന് അനുസൃതവുമായ പദ്ധതിയാണിതെന്നും മാണിക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ പ്രയത്‌നം പ്രശംസനീയമാണെന്നും എം.എല്‍.എ പറഞ്ഞു.
കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ആപ്പ് തയ്യാറാക്കിയത്. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആര്‍ കോഡ് പതിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‌ലോഡ് ചെയ്യാം. വീട്ടുകാര്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാണ് ഹരിതമിത്രം ആപ്പ്. കോഡ് സ്‌കാന്‍ ചെയ്താല്‍ വീടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും. മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, നല്‍കിയ യൂസര്‍ ഫീ തുടങ്ങിയ വിവരങ്ങള്‍ കാണാം. ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടാനും സേനാംഗങ്ങളുടെ പെരുമാറ്റം, സേവനം എന്നിവയെക്കുറിച്ചുള്ള പരാതി രേഖപ്പെടുത്താനും ആപ്പില്‍ സൗകര്യമുണ്ട്. ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് യൂസര്‍ ഫീ, മാലിന്യം എന്നിവ നല്‍കാത്ത വീട്/സ്ഥാപനം എന്നിവയെ പറ്റിയും മറ്റ് പരാതികളും ആപ്പിലൂടെ അധികൃതരെ അറിയിക്കാം. ഹരിതമിത്രം ആപ്പ് വാര്‍ഡ് മുതല്‍ സംസ്ഥാന തലം വരെ നിരീക്ഷിക്കാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആപ്പിലൂടെ ലഭിക്കുന്ന പരാതികള്‍ 24 മണിക്കൂറിനുള്ളില്‍ വാര്‍ഡ് തലത്തില്‍ പരിഹരിക്കും. പരിഹരിക്കപ്പെടാത്ത പരാതികള്‍ സ്വമേധയാ ജില്ലാ തലത്തിലേക്കും സംസ്ഥാനതലത്തിലേക്കും നീങ്ങും.
പ്ലാസ്റ്റിക്ക് കത്തിക്കുക, അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുക തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കും അത് ആപ്പിലൂടെ അറിയിക്കാം.
തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌ക്കരണമാണ് ലക്ഷ്യം.
‘പുഴയൊഴുകും മാണിക്കല്‍’ എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ശുചീകരണ പരിപാടി പുതിയ തലത്തിലേക്ക് ഉയരുകയാണ്. ഇതിനോടകം ആലിയാട് വാര്‍ഡ് 100% മാലിന്യമുക്തമായി. ആലിയാട് പാറയ്ക്കല്‍ ജങ്ഷനില്‍ നടന്ന പരിപാടിയില്‍ മാണിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ അനില്‍ കുമാര്‍, പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ജി. രാജേന്ദ്രന്‍, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കെല്‍ട്രോണ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.