മൂന്നുതലമുറകളെ ചേര്‍ത്തുപിടിച്ച് നെടുമങ്ങാടിന്റെ 3-ജി അങ്കണവാടികള്‍ മാതൃകയാകുന്നു

0
27

മൂന്നുതലമുറകളില്‍പ്പെട്ടവര്‍ക്ക് അങ്കണവാടികളുടെ സേവനം ലഭ്യമാകും. കുട്ടികളുടെ കളിയും ചിരിയും നിറയുന്ന അങ്കണവാടികള്‍ക്ക് പുതിയ മുഖം സമ്മാനിച്ചിരിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. കുഞ്ഞു മക്കള്‍ക്കൊപ്പം മുത്തശ്ശി – മുത്തച്ഛന്മാര്‍ക്കും അങ്കണവാടിയിലേക്ക് പോകാം. കുട്ടികള്‍, കൗമാരക്കാര്‍, വയോജനങ്ങള്‍ എന്നീ മൂന്ന് വിഭാഗം ആളുകള്‍ക്ക് പരിഗണന നല്‍കുന്ന നെടുമങ്ങാട് ബ്ലോക്കിന്റെ മാതൃക പദ്ധതിയാണ് 3-ജി അങ്കണവാടികള്‍. അങ്കണവാടികളുടെ സേവനങ്ങള്‍ മൂന്ന് തലമുറകളില്‍പ്പെട്ടവര്‍ക്ക് കൂടി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് 3-ജി അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി പറഞ്ഞു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യ സംരക്ഷണം, മാനസിക ഉല്ലാസം എന്നിവ പദ്ധതിയിലൂടെ ഉറപ്പാക്കും. കുട്ടികള്‍ക്കായി സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. വര്‍ണ്ണാഭമായ ചുവര്‍ ചിത്രങ്ങളും പുതിയ പഠനോപകരണങ്ങളും ഏറെ ആകര്‍ഷകമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൗമാര പ്രായക്കാര്‍ക്കായി വിവരവിജ്ഞാന കേന്ദ്രമായി അങ്കണവാടികള്‍ പ്രവര്‍ത്തിക്കും. വിവിധ ഇ- സേവനങ്ങളും ഇവിടെ ലഭ്യമാകും. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്,പ്രിന്റര്‍ സൗകര്യങ്ങള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും, മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൂടാതെ ചെസ്്, ക്യാരംസ് തുടങ്ങിയ വിനോദങ്ങളും യോഗാ പരിശീലനവും ഒരുക്കിയിട്ടുണ്ട്. കൗമാര പ്രായക്കാരുടെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.

മുതിര്‍ന്ന വ്യക്തികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും ജീവിത ശൈലി രോഗ നിര്‍ണായത്തിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. പള്‍സ് ഓക്‌സിമീറ്റര്‍, ഗ്ലൂക്കോമീറ്റര്‍, ഹേമറ്റോ മീറ്റര്‍ എന്നിവ ഉള്‍പ്പെടെ ഇതിനായി സജ്ജമാക്കിയാണ് അങ്കണവാടികള്‍ വയോജന സൗഹൃദമാക്കിയത്.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 3ജി അങ്കണവാടികള്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ ഭരണ സമിതി അംഗീകാരം നല്‍കിയ പദ്ധതി ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലും നടപ്പിലാക്കി. പനവൂര്‍ പഞ്ചായത്തിലാണ് ആദ്യ 3ജി അങ്കണവാടി പ്രവര്‍ത്തനം ആരംഭിച്ചത്. ഓരോ പഞ്ചായത്തിലെയും തെരഞ്ഞെടുത്ത ഒരു അങ്കണവാടിക്ക് രണ്ട് ലക്ഷം രൂപയാണ് പദ്ധതി നടപ്പിലാക്കാനായി വകയിരുത്തിയിരിക്കുന്നത്. ഇതോടൊപ്പം അഞ്ച് സ്മാര്‍ട്ട് അങ്കണവാടികള്‍ക്കും നിലവില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.