കനത്ത മഴ: 6411 പേരെ മാറ്റിപ്പാർപ്പിച്ചു; 221 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

0
62

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതി രൂക്ഷമായതിനെത്തുടർന്ന് ഇതുവരെ 6,411 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുഴയുടെ ഇരു കരകളിലുമുള്ള ആഴുകളെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുകയാണ്.

തൃശൂരിൽ അഞ്ചു താലൂക്കുകളിലായി തുറന്ന 51 ദുരിതാശ്വാസ ക്യാംപുകളിൽ ഇതുവരെ 1685 പേരെ മാറ്റിപ്പാർപ്പിച്ചു. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്ന നടപടികൾ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പത്തനംതിട്ടയിൽ 43 ക്യാംപുകളിലായി 1017 പേരെ മാറ്റിപ്പാർപ്പിച്ചു. കോട്ടയത്ത് 45 ക്യാംപുകളിലായി 1075 ആളുകളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 43 പേരെയും ആലപ്പുഴയിൽ 15 ക്യാംപുകളിലായി 289 പേരെയും ഇടുക്കിയിൽ എട്ടു ക്യാംപുകളിലായി 160 പേരെയും എറണാകുളത്ത് 20 ക്യാംപുകളിലായി 753 പേരെയും മാറ്റിപ്പാർപ്പിച്ചു.

പാലക്കാട് അഞ്ചു ക്യാംപുകളാണ് ഇതുവരെ ആരംഭിച്ചത്. 182 പേർ ക്യാംപുകളിലുണ്ട്. മലപ്പുറത്ത് നാലു ക്യാംപുകളിൽ 66 പേരെയും കോഴിക്കോട് 11 ക്യാംപുകളിൽ 359 പേരെയും വയനാട് 11 ക്യാംപുകളിൽ 512 പേരെയും കണ്ണൂരിൽ നാലു ക്യാംപുകളിലായി 217 പേരെയും കാസർകോഡ് ഒരു ക്യാംപിൽ 53 പേരെയും മാറ്റിപ്പാർപ്പിച്ചു.

ശക്തമായ മഴയിൽ സംസ്ഥാനത്ത് ഇന്നു(04 ഓഗസ്റ്റ്) രണ്ടു വീടുകൾകൂടി പൂർണമായും 39 വീടുകൾ ഭാഗീകമായും തകർന്നു. ഇതോടെ കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് പൂർണമായി തകർന്ന വീടുകളുടെ എണ്ണം 32 ആയി. 237 വീടുകൾ ഭാഗീകമായും തകർന്നു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഓരോ വീടുകളാണ് ഇന്നു പൂർണമായി തകർന്നത്. തിരുവനന്തപുരം – 9, കൊല്ലം – 4, പത്തനംതിട്ട – 9, ആലപ്പുഴ – 2, ഇടുക്കി – 3, എണാകുളം – 6, തൃശൂർ – 2, കോഴിക്കോട് – 2, വയനാട് – 1, കണ്ണൂർ – 1 എന്നിങ്ങനെയാണു വിവിധ ജില്ലകളിൽ ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം.

ചാലക്കുടി പുഴയുടെ തീരത്ത് അതീവ ജാഗ്രത വേണം: മുഖ്യമന്ത്രി
ചാലക്കുടി പുഴയിൽ കൂടുതൽ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാവേണ്ടതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  തൃശ്ശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 2018 ലെ പ്രളയകാലത്ത് ആളുകൾ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവർ മുഴുവൻ ക്യാംപുകളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം. ജലാശയങ്ങൾ, പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ, ദുരന്ത സാധ്യത പ്രദേശങ്ങളിൽ ഉള്ളവർ മഴ സാഹചര്യം കണക്കിലെടുത്തു അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു മാറ്റി താമസിക്കേണ്ടതാണ്. എല്ലാ ജില്ലകളിലും ക്യാമ്പുകൾ തുറക്കുകയും സൗകര്യങ്ങൾ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. ജലനിരപ്പ് ഉയർന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ചും പുഴകളുടെ കരകളിൽ, പുഴയിൽ, കായലിൽ, കുളങ്ങളിൽ വിനോദ സഞ്ചാരം, കുളിക്കൽ, തുണി കഴുകൽ, ചൂണ്ട ഇടൽ എന്നിവ ഒഴിവാക്കണം.

എല്ലാ വീടുകളിലും എമർജൻസി കിറ്റുകൾ തയ്യാറാക്കി വെക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോവർ പെരിയാർ (ഇടുക്കി), കല്ലാർകുട്ടി (ഇടുക്കി), പൊ•ുടി (ഇടുക്കി), ഇരട്ടയാർ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാർ (പത്തനംതിട്ട) എന്നീ  അണക്കെട്ടുകളിൽ നിലവിൽ റെഡ് അലെർട്ട് പ്രഖ്യപിച്ചിട്ടുണ്ട്.

എൻ.ഡി.ആർ.എഫിന്റെ ഒമ്പതു ടീമുകൾ സംസ്ഥാനത്ത്
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ ഒൻപതു  സംഘങ്ങളെ  വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്,  പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, തൃശൂർ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ സേനകളുടെ സേവനവും സംസ്ഥാന ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി , ഡിഫെൻസ് സർവീസ് സ്‌കോപ്‌സ്  എന്നിവയുടെ രണ്ടു ടീമുകളുടെ വീതവും ആർമി, നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഓരോ ടീമിന്റെയും സേവനമാണു സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

പത്തനംതിട്ടയിൽ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ചു
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാധ്യതകൾ ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് അഞ്ചു മുതൽ എട്ടുവരെ തീയതികളിൽ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടി മാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമിക്കുക, നിർമാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട,  തൃശൂർ, പാലക്കാട്, ആലപ്പുഴ, കോട്ടയം, വയനാട്, എറണാകുളം, ഇടുക്കി ജി്ല്ലകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; ശക്തമായ മഴ തുടരും
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ് ഏഴോടെ  ന്യൂനമർദ്ദം രൂപപ്പെടാൻ  സാധ്യതയുള്ളതിനാൽ കേരളത്തിൽ ശക്തമായ മഴ തുടരും. വടക്കൻ കേരള തീരം മുതൽ തെക്കൻ  ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും, ഷീയർ സോനിന്റെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തിൽ ഓഗസ്റ്റ് എട്ടു വരെ  ശക്തമായ മഴക്കും ഓഗസ്റ്റ് അഞ്ചിന് ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.