കനത്ത മഴ: എറണാകുളത്തെ 11 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 547 പേരെ മാറ്റി

0
110

കനത്ത മഴയെ തുടർന്ന് എറണാകുളത്ത് 547 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ആർ രേണു രാജ് ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചു.ജില്ലയിൽ ചൊവ്വാഴ്ച രണ്ടു മരണം സ്ഥിരീകരിച്ചു. ഉരുളൻതണ്ണി വനത്തിൽ തിങ്കളാഴ്ച കാണാതായ പൗലോസിന്റെ (65) മൃതദേഹം ചൊവ്വാഴ്ചയും മുളന്തുരുത്തിയിൽ നിന്ന് കാണാതായ ടി.ആർ.അനിഷിന്റെ (36) മൃതദേഹം വൈക്കത്തെ കായലിൽ നിന്നും കണ്ടെടുത്തു.

നിലവിൽ നാല് താലൂക്കുകളിലായി 158 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. ഇതിൽ 228 പുരുഷന്മാരും 221 സ്ത്രീകളും 98 കുട്ടികളുമുണ്ട്. പറവൂർ, ആലുവ, മൂവാറ്റുപുഴ താലൂക്കുകളിൽ മൂന്ന് വീതം ക്യാമ്പുകളും കോതമംഗലത്ത് രണ്ട് ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്.

അതേസമയം പെരിയാറിലും മൂവാറ്റുപുഴയാറിലും രാവിലെ ജലനിരപ്പ് ആശങ്കാജനകമായ നിലയിലേക്ക് ഉയർന്നിരുന്നെങ്കിലും വൈകുന്നേരത്തോടെ താഴ്ന്നു. ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.