ബി ജെ പി സർക്കാരിനെതിരെ ആഞ്ഞടിച്ച് എളമരം കരിം

0
33

രാജ്യത്തെ സാധാരണ ജനങ്ങൾ വിലക്കയറ്റത്താൽ പൊറുതിമുട്ടുമ്പോൾ വർഗ്ഗീയതയും വിഭജന രാഷ്ട്രീയവും ഉപയോഗിച്ച് ബിജെപി സർക്കാരിന് അധികകാലം പിടിച്ചുനിൽക്കാനാവില്ല എന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാ എംപിയുമായ എളമരം കരിം . രാജ്യസഭയിൽ വിലക്കയറ്റത്തെപ്പറ്റിയുള്ള മോദി സർക്കാരിന്റെ എട്ടുവർഷത്തെ ഭരണത്തിൽ നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും പാചക വാതാഗത്തിന്റെയും അനിയന്ത്രിതമായ വിലക്കയറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അരിയുടെ വില 24%, ഗോതമ്പ് പൊടി 28%, പയറുവർഗ്ഗങ്ങൾ 20-30% എന്നിങ്ങനെ വർദ്ധിച്ചു. ഭക്ഷ്യ എണ്ണ വില അനിയന്ത്രിതമായി ഉയർന്നു. നിലക്കടല എണ്ണ 41%, കടുകെണ്ണ 71%, വനസ്പതി 112%, സൂര്യകാന്തി എണ്ണ 107%, പാമോയിൽ 128% എന്നീ നിലയിലാണ് വിലക്കയറ്റം. ഉരുളക്കിഴങ്ങിന് 65 ശതമാനവും ഉള്ളിക്ക് 69 ശതമാനവും തക്കാളിയുടെ വില 155 ശതമാനവും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വർധിച്ചു. പാലിന്റെ വില 25% വർധിച്ചപ്പോൾ, ചായപൊടി വില 41% വർധിച്ചു, അയോഡൈസ്ഡ് ഉപ്പിന്റെ വില ഈ കാലയളവിൽ 28% വർദ്ധിച്ചു. ഈ രീതിയിൽ ഉപ്പുമുതൽ കർപ്പൂരം വരെയുള്ള എല്ലാ വസ്തുക്കളുടെയും അനിയന്ത്രിതമായ വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
.
ഇതേ കാലയളവിൽ കാർഷികോൽപ്പാദനം വലിയ രീതിയിൽ വർധിച്ചു എന്നതാണ് യാഥാർഥ്യം. കാർഷിക മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ കർഷകർ റെക്കോർഡ് ഭക്ഷ്യധാന്യ വിളവെടുപ്പ് നടത്തിയിട്ടുണ്ട്. 2014ൽ എൻഡിഎ സർക്കാർ അധികാരമേറ്റപ്പോൾ ധാന്യ ഉൽപ്പാദനം 234.87 ദശലക്ഷം ടണ്ണായിരുന്നു.

കഴിഞ്ഞ വർഷം ഇത് 285.28 ദശലക്ഷം ടണ്ണായി ഉയർന്നു, ഏകദേശം 22% വർധന. പയറുവർഗങ്ങളുടെ ഉൽപ്പാദനം 17.15 ആയിരുന്നത് കഴിഞ്ഞ വർഷം 25.46 ദശലക്ഷം ടണ്ണായി ഉയർന്നു, ഏകദേശം 49% വർധന. ഈ രീതിയിലുള്ള വർദ്ധനവ് ഉണ്ടായിട്ടും അതിന്റെ പ്രയോജനം കർഷകർക്ക് ലഭിക്കുന്നില്ല. കർഷകർ തങ്ങളുടെ ഉത്പാദന ചെലവ് പോലും വിലയായി കിട്ടാതെ കഷ്ടപ്പെടുമ്പോൾ ഉപഭോക്താവ് സാധനങ്ങൾ ഉയർന്ന വിലയ്ക്ക് വാങ്ങേണ്ടിയും വരുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്ന് അദ്ദേഹം പറയുന്നു.

ഈ വിലക്കയറ്റത്തെ നേരിടാനോ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ സാധാരണക്കാരന് ന്യായമായ വിലയ്ക്ക് ലഭിക്കാനോ ആവശ്യമായ ഒരിടപെടലും കേന്ദ്രസർക്കാർ നടത്തുന്നില്ല എന്നുമാത്രമല്ല ജനങ്ങളുടെ ദുരിതം കൂടുതൽ രൂക്ഷമാകുന്ന തരത്തിലുള്ള നയങ്ങളും പരിപാടികളുമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. 2020-ൽ കോവിഡ് മഹാമാരിയുടെ കാലത്തുപോലും സർക്കാർ സംഭരണം തകർക്കുന്നതിനും സംഭരണം, വ്യാപാരം, വിലനിർണ്ണയം എന്നിവ സ്വകാര്യവൽക്കരിക്കുന്നതിനും കാർഷിക മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതാനുമായുള്ള നിയമനിർമ്മാണം നടത്താനും സർക്കാർ മടികാണിച്ചില്ല. കർഷകരുടെ ഒരു വർഷം നീണ്ട ഐതിഹാസിക സമരം സർക്കാരിനെ പിൻവാങ്ങാൻ നിർബന്ധിതരാക്കി. ഇത്തരത്തിൽ ഒരു തത്വദീക്ഷയുമില്ലാതെ നടപ്പിലാക്കപ്പെടുന്ന വികല നയങ്ങളുടെ ഇരയാകുന്നത് ഇന്ത്യയിലെ സാധാരണ ജനങ്ങളാണ്.

പെട്രോളിയം ഉൽപന്നങ്ങളുടെയും പാചകവാതകത്തിന്റെയും അഭൂതപൂർവമായ വിലക്കയറ്റം വിപണിയിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിലക്കയറ്റത്തിന് കാരണമായി, ഭക്ഷ്യധാന്യങ്ങലും പയറുവർഗ്ഗങ്ങലും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് നികുതി ചുമത്താനുള്ള ഇപ്പോഴത്തെ തീരുമാനം ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കും. കഴിഞ്ഞ 75 വർഷത്തിനിടയിൽ അരി, ഗോതമ്പ്, പയറുവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ, തൈര്, പനീർ, മാംസം, മത്സ്യം, ശർക്കര തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്ക് ഒരിക്കലും നികുതി ചുമത്തിയിട്ടില്ല. ഇത്തരത്തിൽ നികുതിയിൽ നിന്ന് ഒഴിവാക്കിയ സാധനങ്ങളെല്ലാം ഇപ്പോൾ ജിഎസ്ടിയുടെ പരിധിയിൽ വന്നിരിക്കുന്നു.

GST വർദ്ധിപ്പിച്ച ഇനങ്ങളുടെ കൂട്ടത്തിൽ ശ്മശാനത്തിലെ ചാർജ്, ആശുപത്രി മുറികൾ, എഴുത്ത് മഷി മുതലായവയും ഉൾപ്പെടുന്നു. സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വന്തം സമ്പാദ്യം പിൻവലിക്കാൻ പോലും ബാങ്ക് ചെക്കുകൾക്ക് 18% GST നൽകണം. ഉപഭോക്തൃ വില സൂചിക 7% ത്തിന് മുകളിലും മൊത്ത വില സൂചിക 15% ത്തിന് മുകളിലും ഉയർന്ന ഇന്ത്യൻ സാഹചര്യത്തിൽ വിലക്കയറ്റം, കുതിച്ചുയരുന്ന, തൊഴിലില്ലായ്മ, ഇടിയുന്ന കറൻസി വില, അഭൂതപൂർവമായ വ്യാപാര കമ്മി, താഴ്ന്ന ജിഡിപി വളർച്ച എന്നിവ നമ്മുടെ സമ്പദ് വ്യവസ്ഥയെ ചുഴലുമ്പോഴാണ് ഈ തീരുമാനം. ഈ വർധന ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കും.

വരുമാനം വർധിപ്പിക്കാൻ അതിസമ്പന്നർക്ക്മേൽ നികുതി ചുമത്താൻ സർക്കാർ തയ്യാറാവണം.ജനങ്ങളുടെമേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കരുത്. കുത്തകകൾക്ക് കൂടുതൽ നികുതി ഇളവുകളും കോർപ്പറേറ്റുവായ്പ എഴുതിത്തള്ളലും നിർബാധം നടക്കുമ്പോൾ സാധാരണ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾക്ക്പോലും വലിയ നികുതി നൽകേണ്ടിവരുന്നു. ഭക്ഷ്യവസ്തുക്കൾക്ക് 5% അല്ലെങ്കിൽ അതിൽ കൂടുതൽ GST ഉള്ളപ്പോൾ പല ആഡംബര വസ്തുക്കൾക്കും മിതമായ നികുതി മാത്രമാണുള്ളത് എന്നതും മറ്റൊരു വിരോധാഭാസമാണ്.

ഇത്തരത്തിൽ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുമ്പോഴും അസത്യപ്രചാരണത്തിൽ നിന്നും സർക്കാർ പിന്നോട്ടുപോകുന്നില്ല. GST കൗൺസിൽ ഏകകണ്ഠമായാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത് എന്നും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ നിർദ്ദേശത്തെ പിന്തുണച്ചു എന്നുമുള്ള വാദം തികച്ചും കളവാണ്. കേരള ധനമന്ത്രി GST കൗൺസിലിൽ തന്നെ ഈ വിഷയത്തെ എതിർക്കുകയും കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. വിലക്കയറ്റം പതിന്മടങ്ങാക്കുന്ന ഈ തീരുമാനത്തിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരളം മുഖ്യമത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. അതിനാൽ അസത്യ പ്രചാരണങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം. ജനങ്ങളെ പൊറുതിമുട്ടിക്കുന്ന വിലക്കയട്ടം പിടിച്ചുനിർത്താനും നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ നികുതി പിൻവലിക്കാനും സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.