ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

0
99

ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് മഴ ശക്തമായി തുടരുന്നതിനാൽ ഉയര്‍ന്നു.ഇവിടെ ജലനിരപ്പ് 2375.53 അടിയായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനു പുറമെയാണ്  ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമിലെ 2381.53 അടിയില്‍ ഓറഞ്ച് അലര്‍ട്ടും 2382.53 അടിയില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും.

ഇതോടൊപ്പം തന്നെ മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് നേരിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്. 134.80 അടിയാണ് നിലവിലെ ജലനിരപ്പ്. 137.40 അടിയാണ് റൂള്‍ കര്‍വ്. അതേസമയം കേരളത്തിലെ മഴമുന്നറിയിപ്പിലും മാറ്റം വന്നിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്. മഴയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു.

കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇപ്പോൾ റെഡ് അലര്‍ട്ട് നിലവിലുള്ളത്. അതേസമയം, കനത്തമഴയുടെ ശക്തി നേരിയതായി കുറഞ്ഞെങ്കിലും രണ്ടു ദിവസം കൂടി തീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്.