തൊഴിലുറപ്പ് പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രം; തിരുത്തണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

0
86

പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നടപടി കേന്ദ്രസർക്കാർ തിരുത്തണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. ഒരേ സമയം 20 പ്രവൃത്തികൾ മാത്രമേ നടപ്പിലാക്കാവൂ എന്ന ഉത്തരവ് കേരളത്തിന് വലിയ തിരിച്ചടിയാണ്. തീരുമാനം തൊഴിൽ മേഖലയിലും പ്രാദേശിക സാമ്പത്തിക വികസനത്തിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും. ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്തക്ക് തന്നെ എതിരാണ് ഈ നിബന്ധന. ഈ നിബന്ധന ഒഴിവാക്കാൻ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനസർക്കാർ കേന്ദ്ര ഗ്രാമവികസനമന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് ഘടനയല്ല കേരളത്തിലേത്. ഇതര സംസ്ഥാനങ്ങളിലെ ഒരു ഗ്രാമ പഞ്ചായത്തിന്റെ അത്രയും ജനസംഖ്യ കേരളത്തിലെ ഒരു വാർഡിൽ മാത്രമുണ്ട്. ഇത്തരത്തിലുള്ള 13 മുതൽ 23 വരെ വാർഡുകൾ ഉള്ളവയാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ. ഒരേ സമയം ഒരു വാർഡിൽ തന്നെ ഏറെ പ്രവൃത്തികൾ നടത്തിയാണ് തൊഴിലാളികളുടെ തൊഴിൽ ഡിമാന്റ് കേരളം നിർവഹിക്കുന്നത്. പുതിയ സാഹചര്യത്തിൽ ഒരു വാർഡിൽ ഒരു പ്രവൃത്തി മാത്രമായാൽ പോലും 20 വാർഡുകളിലേ പ്രവൃത്തി നടത്താനാകൂ. പല വാർഡിലും ഒരു പ്രവൃത്തി പോലും നടത്താനാകില്ലെന്ന സ്ഥിതി വന്നാൽ സംസ്ഥാനത്ത് വലിയ തോതിലുള്ള തൊഴിൽ പ്രതിസന്ധി സൃഷ്ടിക്കും.

മെറ്റീരിയൽ കോമ്പണൻറ് കുടിശിക ലഭിച്ചെങ്കിലും ഇപ്പോളും വിഷയത്തിലെ പ്രതിസന്ധി തുടരുകയാണ്. എല്ലാ വിദഗ്ധ-അവിദഗ്ധ തൊഴിലാളികൾക്കും വെൻഡേഴ്‌സിനും ഇനിയും പണം നൽകാനായിട്ടില്ല. കേന്ദ്രത്തിൻറെ പിഎഫ്എംഎസ് ഐഡി ലഭിക്കുന്നതിനുള്ള കാലതാമസമാണ് ഇതിന് കാരണം. പണം പൂർണമായി വിതരണം ചെയ്യാത്തതിനാൽ, ഈ പ്രവൃത്തികൾ പൂർത്തീകരിച്ചതായി വെബ്‌സൈറ്റിൽ രേഖപ്പെടുത്താനാകുന്നില്ല. പണിപൂർത്തിയായ ഈ പ്രവൃത്തികളും, തുടരുന്ന പദ്ധതികൾ എന്ന പട്ടികയിലാണ് വരുന്നത്. ഫലത്തിൽ, പഞ്ചായത്തിൽ 20 പ്രവൃത്തി എന്ന നിബന്ധന വരുന്നതോടെ പല പഞ്ചായത്തുകളിലും പുതുതായി ഒരു പദ്ധതി പോലും ഏറ്റെടുക്കാനാകാത്ത സ്ഥിതി സംജാതമായിരിക്കുകയാണ്.

ഈ വർഷം പത്തരക്കോടി തൊഴിൽ ദിനങ്ങളാണ് കേരളം ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചത് ആറ് കോടി മാത്രമാണ്. സാമ്പത്തിക വർഷത്തിൻറെ ആദ്യ നാല് മാസം കൊണ്ട് തന്നെ 2,43,53,000 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. കേന്ദ്രം അനുവദിച്ചതിൻറെ 40.59 ശതമാനമാണ് ഇത്. കഴിഞ്ഞ 2 വർഷങ്ങളിൽ 10 കോടി തൊഴിൽ ദിനങ്ങൾ കേരളത്തിന് അനുവദിച്ചിരുന്ന സ്ഥലത്താണ്, ഇക്കുറി ആറ് കോടിയായി ചുരുക്കിയത്. കഴിഞ്ഞ രണ്ട് വർഷവും 10 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. 2021-22 വർഷം കേരളത്തിൽ തൊഴിൽ കാർഡ് എടുത്തിരുന്ന 40,83,420 കുടുംബങ്ങളിൽ തൊഴിൽ ആവശ്യപ്പെട്ട 16,45,183 കുടുംബങ്ങൾക്ക് തൊഴിൽ ലഭിച്ചു. ഇതിൽ5,12,823 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ ലഭിച്ചു. 10,59,66,005 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്.

തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച തുക നൽകുന്നതിന് കൃത്യമായ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്രം, പൂർണമായും കേന്ദ്രസഹായത്തോടെ നടത്തണമെന്ന് നിർദേശിച്ചിട്ടുള്ള സോഷ്യൽ ഓഡിറ്റ് നടത്തിപ്പിന് പണം തരാത്ത സാഹചര്യവുമുണ്ട്. 19 കോടി നൽകേണ്ട സ്ഥാനത്ത് കഴിഞ്ഞ വർഷം ആകെ അനുവദിച്ചത് 2.96കോടി മാത്രമാണ്. മൂന്ന് കോടി രൂപ സംസ്ഥാന സർക്കാരാണ് അഡ്വാൻസായി അനുവദിച്ച് നൽകിയത്. വില്ലേജ് റിസോഴ്‌സ് പേഴ്‌സൺമാർക്ക് ഓണറേറിയം കുടിശികയാകുന്ന സ്ഥിതി ഇതിൻറെ ഫലമായി സൃഷ്ടിക്കപ്പെടുകയാണ്. തൊഴിലുപകരണത്തിന് മൂർച്ച കൂട്ടാനുള്ള ഫണ്ട് ഇല്ലാതാക്കിയതും പ്രതിഷേധാർഹമാണ്. എൻഎംഎംഎസ് ആപ്പിലെ പ്രായോഗിക പ്രശ്‌നങ്ങൾ മൂലം തൊഴിലാളികൾ ജോലിക്കെത്തിയാലും ഹാജർ രേഖപ്പെടുത്താനാകാതെ, കൂലി നഷ്ടമാകുന്ന സ്ഥിതിയും നിലവിലുണ്ട്. പലപ്പോളും ആപ്പ് ശരിയായി പ്രവർത്തിക്കാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണ്.

തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്ത് ഒന്നാമത് നിൽക്കുന്ന കേരളത്തിൻറെ സാഹചര്യങ്ങൾ പരിഗണിക്കാതെയുള്ള നിബന്ധനകൾ സംസ്ഥാനത്തെ പദ്ധതി നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന പ്രാദേശിക സാമ്പത്തിക രംഗത്തിന് തീരുമാനം വലിയ തിരിച്ചടിയാണ്. തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.