ഉന്നത വിദ്യാഭ്യാസ രംഗം: രാജ്യ ശ്രെദ്ധയാർജ്ജിച്ച് കേരളം

0
82

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോളജുകളിലേയും സർവകലാശാലകളിലേയും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം സിലബസ് പരിഷ്‌ക്കക്കരണവും ബോധന സമ്പ്രദായത്തിൽ മാറ്റവും നടപ്പാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ സമഗ്രമായ മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവുകയുള്ളൂ. ഇത് ലക്ഷ്യമിട്ടാണ് സർക്കാർ കമ്മീഷനുകൾ രൂപീകരിച്ചത്. ഇതിന്റെയെല്ലാം ഫലമാണ് കേരള സർവകലാശാലക്ക് ‘നാക്ക്’ ന്റെ A++ ഗ്രേഡ് നേടാനും എൻ. ഐ. ആർ. എഫ് റാങ്കിംഗിൽ നമ്മുടെ പല സ്ഥാപനങ്ങൾക്കും ഇടം നേടാനും സാധിച്ചത്. ഇത് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം മുന്നോട്ട് പോകുന്നു എന്നാണ് കാണിക്കുന്നത്. കേരള നോളജ് എക്കണോമി മിഷന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രചാരണ പരിപാടിയായ കണക്ട് കരിയർ ടു കാമ്പസ് പദ്ധതി ഗിരിദീപം കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മുഖ്യമന്ത്രി.

യുവാക്കളെ പലപ്പോഴും തൊഴിൽ അന്വേഷകർ എന്ന രീതിയിൽ മാത്രമാണ് കലാലയങ്ങൾ സമീപിച്ചത്. ഈ രീതി മാറണം. അവരെ തൊഴിൽ ദാതാക്കളാക്കുന്ന സമീപനം ഉണ്ടാകണം. ഇക്കാര്യത്തിൽ സഹായിക്കാനാണ് സ്റ്റാർട്ടപ്പുകൾ. തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഹബ്ബ് (നാല് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം) കേരളത്തിലാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

അഭ്യസ്തവിദ്യരായ കൂടുതൽ യുവാക്കളെ സംരംഭകത്വ മേഖലയിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി കോളജ് പ്രിൻസിപ്പൽമാരോട് നിർദ്ദേശിച്ചു. അക്കാദമിക് മേഖലയെ തൊഴിൽ മേഖലയുമായി കോർത്തിണക്കുകയാണ് സർക്കാർ ലക്ഷ്യം. കാമ്പസിൽ പഠിക്കുമ്പോൾ തന്നെ തൊഴിൽ നേടുന്നതിനാവശ്യമായ എല്ലാ പിന്തുണയും വിദ്യാർഥികൾക്ക് ലഭ്യമാകണം. ഇത് യാഥാർഥ്യമാക്കാനാണ് 2026 നകം 35 ലക്ഷത്തോളം അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നത്. അതിൽ 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കുക എന്ന പ്രാഥമിക ലക്ഷ്യവുമായാണ് നോളജ് എക്കണോമി മിഷൻ പ്രവർത്തിക്കുന്നത്.

സുസ്ഥിര വികസന കാഴ്ച്ചപ്പാടിൽ ഊന്നിയാവണം പരമ്പരാഗത സമ്പദ്വ്യവസ്ഥയെ ആധുനിക സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കേണ്ടത്. വിപണി താൽപ്പര്യം മാത്രം പരിഗണിക്കാതെ വിദ്യാർഥികളുടെ അഭിരുചി കൂടി കണക്കിലെടുത്താലേ സുസ്ഥിര ഭാവി സാധ്യമാവുകയുള്ളൂ. അറിവിന്റെ ഉൽപ്പാദനം, വിതരണം എന്നിവ സ്വതന്ത്രവും നീതിയുക്തവുമാകേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി വിശദീകരിച്ചു.

കാമ്പസിൽ പഠിക്കുമ്പോൾ തന്നെ തൊഴിൽ മേഖല വിദ്യാർഥികൾക്ക് പരിചിതമാക്കുക എന്നതാണ് കണക്ട് കരിയർ ടു കാമ്പസ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. അഭ്യസ്തവിദ്യരുടെ തൊഴിൽ നൈപുണ്യ പോരായ്മ ഇല്ലായ്മ പരിഹരിച്ച് അവരെ തൊഴിൽ മേഖലക്ക് പ്രാപ്തമാക്കുകയാണ് അസാപ് ചെയ്യുന്നത്.

ചടങ്ങിൽ നോളജ് എക്കണോമി മിഷൻ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ഉണങട കണക്റ്റ് മൊബൈൽ ആപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ അവതരിപ്പിച്ചു. സ്‌കിൽ കാറ്റലോഗിന്റെ പ്രകാശനവും തൊഴിൽ നൈപുണ്യ പദ്ധതികളുടെ അവതരണവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കെ-ഡിസ്‌ക് എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എം എബ്രഹാം, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, കൊളീജിയറ്റ് എജക്കേഷൻ ഡയറക്ടർ വി. വിഘ്‌നേനേശ്വരി എന്നിവർ സംസാരിച്ചു.