മഴക്കെടുതിയിൽ ഇന്ന്(02 ഓഗസ്റ്റ്) ആറു മരണം, 27 വീടുകൾ തകർന്നു, 2291 പേരെ മാറ്റിപ്പാർപ്പിച്ചു

0
104

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് (02 ഓഗസ്റ്റ്) ആറു പേർ മരിച്ചു. 23 വീടുകൾ പൂർണമായും 71 വീടുകൾക്കു ഭാഗീകമായും തകർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 2291 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ ജില്ലകളിലായി 95 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കണ്ണൂരിൽ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ ഓരോരുത്തരുമാണു മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി.

കണ്ണൂർ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിച്ചു. കണിച്ചാർ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാൽ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ഇന്ത്യൻ ആർമിയുടെയും ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്‌സിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണു താഴെ വെള്ളറ ഭാഗത്തുനിന്ന് വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.

എറണാകുളം കുട്ടമ്പുഴയിൽ ഇന്നലെ (തിങ്കളാഴ്ച) കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് 27 വീടുകൾ പൂർണമായും 126 വീടുകൾ ഭാഗീകമായും തകർന്നു. ഇന്നു(02 ഓഗസ്റ്റ്) മാത്രം 23 വീടുകൾ പൂർണമായി തകർന്നു. 71 വീടുകൾക്കു ഭാഗീക നാശനഷ്ടമുണ്ടായി. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ വീടുകൾ തകർന്നത്. ഇവിടെ 18 വീടുകൾ പൂർണമായും എട്ടു വീടുകൾ ഭാഗീകമായും തകർന്നു. ഇന്നുണ്ടായ കനത്ത മഴയിലാണ് ഈ നാശനഷ്ടം.

കോട്ടയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നത്. 21 ക്യാംപുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാർപ്പിച്ചു. ഇടുക്കിയിൽ ഏഴു ക്യാംപുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാംപുകളിലായി 467 പേരും കഴിയുന്നു. തൃശൂരിലാണ് ഏറ്റവും കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 15 ദുരിതാശ്വാസ ക്യാംപുകളാണ് ഇതിനായി തുറന്നത്.