കരുവന്നൂർ ബാങ്കിൽ എന്താണ് പ്രശ്നം? സത്യാവസ്ഥ ഇതാണ്

0
75

കരുവന്നൂർ ബാങ്കിൽ എന്താണ് പ്രശ്നം?
ഒറ്റ വാക്കിൽ പറഞ്ഞാൽ നിക്ഷേപം പിൻവലിക്കാൻ വരുന്ന എല്ലാവർക്കും കൊടുക്കാൻ വേണ്ടത്ര ലിക്യുഡ് കാഷ് ഇല്ല.

എന്തുകൊണ്ടാണ് അങ്ങനെ ഒരു സാഹചര്യം വന്നത്? ഈ കാശൊക്കെ എവിടെ പോയി…
ജനങ്ങൾ നിക്ഷേപിക്കുന്ന കാശ് എടുത്താണ് ഏതൊരു ബാങ്കും ലോൺ കൊടുക്കുക. നിക്ഷേപ പലിശയെക്കാൾ ഉയർന്ന നിരക്കിൽ ഈടാക്കുന്ന ലോൺ പലിശയാണ് ബാങ്കിന്റെ വരുമാനം. പക്ഷെ സാധാരണ ഗതിയിൽ നിക്ഷേപത്തിന്റെ നിശ്ചിത അനുപാതം മാത്രമേ ലോൺ ആയി നൽകാൻ പാടുള്ളൂ. 4 മുതൽ 25 ശതമാനം വരെ വ്യത്യസ്ത രീതികളിൽ ലിക്വിഡിറ്റി മെയിന്റയിൻ ചെയ്യണം.
ആ മാനദണ്ഡം പാലിക്കാതെ ലോൺ നൽകിയാൽ പിൻവലിക്കാൻ സാധാരണയിൽ കവിഞ്ഞ അളവിൽ നിക്ഷേപകർ വന്നാൽ പണം ഉണ്ടാകാതെ വരും. ആ പണം എല്ലാം ദീർഘ കാല വായ്പകൾ ആയി പല വിധ മനുഷ്യരുടെ കയ്യിൽ ആയിരിക്കും. അങ്ങനെ അനുപാതം പാലിക്കാതെ ലോൺ നൽകിയതാണ് കരുവന്നൂർ സഹകരണ ബാങ്കിന് വിന ആയത്.

അത് മാത്രമാണോ പ്രശ്നം?
അല്ല, അനുപാതത്തിനു പുറമെ ലോൺ നൽകാവുന്ന അധികാര പരിധി, വ്യക്തികൾക്ക് അനുവദിക്കാവുന്ന വായ്പാ പരിധി എന്നിവ ലംഘിച്ചു ലോൺ നൽകി. ഇത്‌ തിരിച്ചടയ്ക്കാൻ പറ്റാതെ വന്നതോടെ ബാങ്കിന് നഷ്ടം സംഭവിച്ചു.

ബാങ്കിലെ മുഴുവൻ വായ്പകളും ഇങ്ങനെയാണോ?
ഒരിക്കലുമല്ല, ഭൂരിപക്ഷം വായ്പകളും ആ ബാങ്കിലെ വോട്ടിംഗ് അവകാശം ഉള്ള മെമ്പർമാർക്ക് തന്നെയാണ് നൽകിയിട്ടുള്ളത്. എന്നാൽ വലിയൊരു സംഘ്യ ഇത്തരത്തിൽ നൽകിയത് തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് പ്രതിസന്ധിയിൽ ആയി.

അപ്പൊ 312 കോടിയുടെ തട്ടിപ്പ് എന്ന് പറയുന്നത്??
പെരുപ്പിച്ച കണക്കാണ്. 312 കോടി രൂപ ആ ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ തുകയാണ്. നിക്ഷേപകർക്ക് നിലവിൽ അത് പിൻവലിക്കാൻ ഉള്ള ബുദ്ധിമുട്ട് മുൻ നിർത്തി അത് മൊത്തം വിഴുങ്ങി എന്ന് പ്രചരിപ്പിക്കുകയാണ്.

അഴിമതി നടന്നിട്ടില്ല എന്നാണോ?
അല്ല അനധികൃത ലോൺ കൊടുത്തത് കൃത്യമായും അഴിമതിയാണ്. അതിന് കൂട്ട് നിന്ന ഭരണ സമിതിയും, മേൽ ഉദ്യോഗസ്ഥരും, ഓഡിറ്റ് ചെയ്ത വകുപ്പ് ജീവനക്കാരും നടപടികൾ നേരിടുന്നുണ്ട്.

ഈ പണം തിരിച്ചു കിട്ടില്ലേ..?
കിട്ടും പക്ഷെ നിയമ നടപടി ക്രമങ്ങളുടെ കാല താമസം തീർച്ചയായും ഉണ്ടാകും.

വിശ്വസിച്ചു പണം നിക്ഷേപിച്ചവർക്ക് എപ്പോൾ കാശ് കിട്ടും?
ഏത് ബാങ്കിന് ലിക്വിഡിറ്റി ക്രൈസിസ് വന്നാലും RBI അല്ലെങ്കിൽ മറ്റു റെഗുലേറ്ററി സംവിധാനങ്ങൾ ആദ്യം ചെയ്യുക നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുക എന്നതാണ്. അല്ലായെങ്കിൽ ആദ്യം വരുന്നവരോ, സ്വാധീനം ഉള്ളവരോ മാത്രം പണം വാങ്ങി പോവുകയും പിന്നീട് വരുന്നവർക്ക് ഒന്നും കിട്ടാനില്ലാത്ത സ്ഥിതി വരികയും ചെയ്യും.
ഇത്തരം ഒരു വാർത്ത കേൾക്കുമ്പോൾ നിക്ഷേപകർക്ക് ഉണ്ടാകുന്ന പാനിക് മറികടക്കാൻ കൂടിയാണ് ഇത്തരം നിയന്ത്രണങ്ങൾ. ആ കാലയളവ് കൊണ്ട് ഫണ്ട് മൊബിലൈസ് ചെയ്യുകയും ക്രമേണ പിൻവലിക്കൽ തോത് ഉയർത്തുകയും ചെയ്യും.

മറ്റെവിടെയും ഇങ്ങനെ കണ്ടിട്ടില്ലല്ലോ..
കുറച്ചു കാലം മുൻപ് റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആയ യെസ് ബാങ്ക് ഇതേ രീതിയിൽ ആയിരുന്നു. SBI 10000 കോടി രൂപയോളം നിക്ഷേപിച്ചാണ് അതിൽ നിന്ന് കര കയറിയത്. സമാന അനുഭവമുള്ള് വേറെയും സ്ഥാപനങ്ങൾ ഉണ്ട്.

ഇതെല്ലാം കാശ് കട്ടതിനെ ന്യായീകരിക്കാൻ അല്ലേ..
കാശ് കട്ടവർ നിയമ നടപടി നേരിടും, അവരിൽ നിന്ന് പണം റിക്കവർ ചെയ്യും. സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിർത്താൻ ആണ് ഇത് പറയുന്നത്.

നിക്ഷേപകർക്ക് എന്ന് പണം കിട്ടും? ഇത്‌ കുറേ കാലമായില്ലേ…
ഈ വിഷയം വന്ന അവസരത്തിൽ ആദ്യം ആലോചിച്ചത് ബാങ്കുകൾ ഉൾപ്പെടുന്ന ഒരു കൺസോർഷ്യം ഉണ്ടാക്കി പണം നൽകാനായിരുന്നു. എന്നാൽ റിസർവ് ബാങ്ക് അനുമതി ലഭിച്ചില്ല. തുടർന്ന് ഇപ്പോൾ സർക്കാർ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിൽ കേരള ബാങ്ക് മുഖേന 25 കോടിയുടെ ഓവർ ഡ്രാഫ്റ്റും, 10 കോടിയുടെ മറ്റൊരു ലോണും നൽകും.
35 കോടിയോളം ലിക്യുഡ് കാഷ് വരുന്നതോടെ കാലാവധി തീർന്നതും, അത്യാവശ്യം ഉള്ളതുമായ നിക്ഷേപകരുടെ പണം നൽകാൻ ബാങ്കിന് സാധിക്കും. ലോൺ തിരിച്ചടവിലൂടെയും റിക്കവറി നടപടികളിലൂടെയും വരുന്ന വരുമാനത്തിലൂടെ ബാങ്ക് സ്വാഭാവിക നിലയിലേക്ക് മടങ്ങി വരും.

അപ്പോൾ ബാങ്ക് പൊട്ടിയില്ലേ?
ഒരിക്കലുമില്ല. ആ ബാങ്കിന്റെ ആസ്തിയുമായി തട്ടിച്ചു നോക്കുമ്പോൾ എളുപ്പം കര കയറാവുന്ന താത്കാലിക പ്രശ്നം മാത്രമാണ് ഇത്. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കൽ ആണ് പ്രധാനം. ജനങ്ങൾ പാനിക്ക് ആവുകയും ബാങ്ക് സ്വാഭാവിക രീതിയിലേക്ക് മടങ്ങി വരാതിരിക്കുകയും ചെയ്താൽ ആണ് നിക്ഷേപങ്ങൾ പിൻവലിക്കാൻ കൂടുതൽ കാല താമസം വരിക.

സർക്കാർ എന്ത് ചെയ്തു?
സർക്കാർ ഇടപെട്ടാണ് ലോൺ ലഭ്യമാക്കാൻ പോകുന്നത്. എന്നാൽ ഇത് സർക്കാർ ഖജനാവിൽ നിന്നല്ല. ബാങ്ക് കൊടുക്കുന്ന ലോൺ ആണ്, പലിശ ഉൾപ്പെടെ കൃത്യമായി തിരിച്ചടയ്‌ക്കേണ്ടി വരും. സർക്കാർ ആദ്യം ചെയ്തത് ബാങ്ക് ഭരണ സമിതിയെ മാറ്റി അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയായിരുന്നു. Fir ഇട്ട് കേസ് അന്വേഷിച്ചു, ഉത്തരവാദികളെ അറസ്റ്റ് ചെയ്തു, വീഴ്ച ഉണ്ടെന്ന് തോന്നിയ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. റിക്കവറി നടപടികൾ പുരോഗമിക്കുന്നു.
ഇതിന് പുറമെ വകുപ്പ് തലത്തിൽ ബാങ്ക് ഓഡിറ്റിങ് കാര്യക്ഷമമാക്കുന്നതിനു ആവശ്യമായ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ട് വരാൻ പോകുന്നു.

അപ്പൊ മന്ത്രി പറഞ്ഞ 164 ബാങ്കുകളുടെ കാര്യം?
മന്ത്രി പറഞ്ഞത് 164 സഹകരണ സംഘങ്ങൾ എന്നാണ്. ആ 164 ൽ ഭൂരിപക്ഷവും ബാങ്കിംഗ് ബിസിനസ് ചെയ്യുന്നവയല്ല. ഓട്ടോ തൊഴിലാളി ക്ഷേമ സഹകരണ സംഘം, ചെത്തു തൊഴിലാളി ക്ഷേമ, കാർഷിക മേഖലയുമായി ബന്ധപ്പെട്ടവ, മൾട്ടി പർപ്പസ് തുടങ്ങി വ്യത്യസ്ത ബിസിനസ് ചെയ്യുന്നവയാണ്. അവ പലതും തുടങ്ങി ഡെവലപ്പ് ആയി വരുന്ന ഘട്ടത്തിലുമാണ്. വ്യത്യസ്ത ബിസിനസ് മേഖലകളിൽ ഉള്ള അത് വച്ച് ഇതിനെ വിലയിരുത്തുന്നത് അപക്വമാണ്.

അപ്പൊ സഹകരണ മേഖലയിൽ പ്രശ്നങ്ങൾ ഇല്ലേ?
തീർച്ചയായും എല്ലാ മേഖലയിലും ഉള്ള പ്രശ്നങ്ങൾ ഇവിടെയും ഉണ്ട്. അതിൽ മാറ്റം വരുത്തേണ്ടതും ഇടപെടൽ നടത്തേണ്ടതും, ബാങ്ക് പൊതുയോഗം മുതൽ സഹകരണ വകുപ്പും കോടതികളും നിയമസഭയും വരെ വ്യാപിച്ചു കിടക്കുന്നതാണ്.
ബാങ്ക് മെമ്പർ എന്ന നിലയിൽ ബാലൻസ് ഷീറ്റ് പരിശോധിച്ച് പൊതു യോഗത്തിൽ ചോദ്യം ചെയ്യണം. വകുപ്പ് കാര്യക്ഷമമായി ഓഡിറ്റ് ചെയ്യണം നിയന്ത്രിക്കണം, സർക്കാർ ആവശ്യമായ നിയമ ഭേദഗതികൾ കൊണ്ട് വരണം. കോടതികൾ കേസുകൾ വേഗത്തിൽ തീർപ്പ് ആക്കാനും ഇടപെടണം.

ജീവനക്കാർക്ക് പങ്ക് ഇല്ലേ?
എവിടെയാണ് താഴെ തട്ടിൽ ഉള്ള ജീവനക്കാർക്ക് ഭരണ സമിതി/ ചീഫ് എക്‌സിക്യൂട്ടീവ് തീരുമാനങ്ങൾക്ക് എതിരായി പ്രവർത്തിക്കാൻ സാധിക്കുക. ബാങ്ക് പൊളിഞ്ഞാൽ ഏറ്റവും കൂടുതൽ സഫർ ചെയ്യുക ബാക്കിയാകുന്ന ജീവനക്കാർ ആയിരിക്കും. ശമ്പളം കിട്ടാതിരിക്കുകയോ കുറയുകയോ ചെയ്യും. നിക്ഷേപകരുടെ ദേഷ്യം മുഴുവൻ നേരിടണം, അന്വേഷണം ചോദ്യം ചെയ്യൽ എന്നിവ നേരിട്ട് നിരപരാധിത്വം തെളിയിക്കണം. ബാങ്ക് പിടിച്ചു നിർത്താനുള്ള ഇരട്ടി പണി എടുക്കണം.
ടെസ്റ്റ്‌ എഴുതി ജോലിയിൽ കേറി വേറെ പല ഓപ്‌ഷൻസ് വേണ്ടെന്ന് വച്ചവർ ആകും പലരും.

അപ്പോൾ സഹകരണ മേഖല തകർക്കാൻ ഗൂഢാലോചന ഉണ്ടോ?
തീർച്ചയായും ഉണ്ട്. സ്വാഭാവിക നിയമ നടപടി നടക്കുന്ന സാഹചര്യത്തിൽ പെരുപ്പിച്ച കണക്കുകളുമായി വാർത്ത കൊടുത്ത് നിക്ഷേപകരെ പാനിക്ക് ആക്കുന്നത് ഈ മേഖലയിലെ വിശ്വാസം തകർക്കാൻ ആണ്. ഒരു ചെറിയ പ്രദേശത്ത് സാധാരണ ജനങ്ങൾക്കിടയിൽ റോൾ ചെയ്യുന്ന പണം മുത്തൂറ്റിനും അദാനിക്കും നിലവിൽ തൊടാൻ കിട്ടുന്നില്ല.. അത് അവർക്ക് മറ്റു ബിസിനസ്സിൽ ഇടാൻ പാകത്തിൽ വലിയ ബാങ്കുകളിലേക്ക് മാറിയാൽ എളുപ്പമായല്ലോ. പിന്നീട് സൗകര്യം പോലെ എഴുതി തള്ളാം.