ബഫർസോൺ സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ കേരളം മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യും

0
98

തിരുവനന്തപുരം: ബഫർസോൺ സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യാനും വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിർമ്മാണ സാധ്യതകൾ പരിശോധിക്കാനും മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സംരക്ഷിത വനമേഖലയ്‌ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ജനവാസ മേഖലയെ ബാധിക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിലാണ് തീരുമാനം.

ജനവാസ മേഖല ഒഴിവാക്കി പരിസ്ഥിതി സംവേദക മേഖല പുനർനിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ സമർപ്പിച്ച വിജ്ഞാപന നിർദ്ദേശം ഒരാഴ്‌ച‌‌‌ക്കകം കേന്ദ്ര എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിക്കണം. പരിസ്ഥിതി സംവേദക മേഖലയിൽ നിലവിലുള്ള കെട്ടിടങ്ങളെയും നിർമ്മാണ പ്രവർത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങൾ സുപ്രീം കോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇതിന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തി.

കേരളത്തിൻറെ പ്രത്യേക സാഹചര്യം കേന്ദ്രസർക്കാരിനെയും കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും ബോധ്യപ്പെടുത്തും. ഈ വിവരം സുപ്രീം കോടതിയെ അറിയിച്ച് അനുകൂല വിധി സമ്പാദിക്കുന്നതുവരെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടാൻ ഉന്നതതല സമിതിയെ നിശ്ചയിച്ചു. വനം വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരാണ് സമിതിയിലുള്ളത്.യോഗത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, വനം വകുപ്പ് മേധാവി ബെന്നിച്ചൻ തോമസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്ങ് തുടങ്ങിയവർ പങ്കെടുത്തു.