പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ കറങ്ങി; 34കാരൻ അറസ്റ്റിൽ

0
70

ബാംഗ്ലൂർ: പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ നഗരം കറങ്ങിയ 34 കാരൻ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൻ്റെ പിൻസീറ്റിൽ വച്ച് രാത്രിയിൽ നഗരത്തിലൂടെ കറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പിടിയിലായത്. കർണാടകയിലെ കലബുരാഗി ടൗണിലാണ് സംഭവം.

ഭോവ്‌ലി ഗല്ലിയിൽ താമസിക്കുന്ന ലക്ഷ്മികാന്ത് എന്നയാളാണ് സോണി (11), മായുരി (9) എന്ന തൻ്റെ മക്കളെ കൊലപ്പെടുത്തിയത്. അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. നാല് മാസങ്ങൾക്കു മുൻപ് അഞ്ജലി ഭർത്താവിനെ ഉപേക്ഷിച്ച് തൻ്റെ കാമുകനൊപ്പം പോയിരുന്നു. തുടർന്ന് നാല് മക്കളെ തനിക്കൊപ്പം നിർത്തണമെന്ന് ലക്ഷ്മികാന്ത് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് ഭാര്യ തയ്യാറായില്ല. കഴിഞ്ഞ ദിവസം കുട്ടികളെ കൊണ്ടുപോകാൻ ലക്ഷ്മികാന്ത് എത്തിയെങ്കിലും ഭാര്യ സമ്മതിച്ചില്ല. തുടർന്ന് ഇവർക്കിടയിൽ വഴക്കുണ്ടാവുകയായിരുന്നു. പിന്നീട് നാല് മക്കളെയുമായി പോയ ലക്ഷ്മികാന്ത് രണ്ട് മക്കളെ കൊലപ്പെടുത്തി. ഇളയ മക്കളായ മോഹിത് (5), ശ്രേയ (3) എന്നിവർ അറിയാതെയായിരുന്നു കൊലപാതകം.

ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെ മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ലക്ഷ്മികാന്ത് ഇവരെയും കൊണ്ട് ഓട്ടോറിക്ഷയിൽ കറങ്ങി. പിന്നീട് ബുധനാഴ്ച രാവിലെ മഹാത്മ ബസവേശ്വര പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങി. നാല് മക്കളെയും കൊല്ലാനായിരുന്നു ലക്ഷ്മികാന്തിൻ്റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ഭാര്യക്കൊപ്പം അയച്ചാൽ കുഞ്ഞുങ്ങളുടെ ജീവിതം അപകടത്തിലാവുമെന്ന് ഇയാൾ ഭയന്നു. അതുകൊണ്ടാണ് കുട്ടികളെ കൊന്നുകളയാൻ ഇയാൾ തീരുമാനിച്ചത്. രണ്ട് മക്കളെ കൊന്നതോടെ ഭയന്നുപോയ ഇയാൾ ബാക്കിയുള്ള മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്തുചെയ്യണമെന്ന് ധാരണയില്ലാതെയാണ് പിന്നീട് ഇയാൾ മൃതദേഹങ്ങളുമായി ഓട്ടോയിൽ കയറിയതെന്നും പൊലീസ് പറയുന്നു.