പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി തുക; ജൂലൈ ഒന്ന് മുതൽ നടപ്പിലാകും

0
79

ഡൽഹി: പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ വെളളിയാഴ്ച മുതൽ ഇരട്ടി തുക അടയ്‌ക്കേണ്ടി വരും. നിലവിലെ നിരക്കിൽ ജൂൺ 30 വരെയായിരുന്നു ആദായനികുതി വകുപ്പ് ഇതിന് സമയം അനുവദിച്ചിരുന്നത്. ഇത് അവസാനിച്ച സാഹചര്യത്തിലാണ് വെളളിയാഴ്ച മുതൽ തുക ഇരട്ടിയാകുക.

1000 രൂപയാകും അടയ്‌ക്കേണ്ടി വരിക. ആദായ നികുതി വകുപ്പ് 2023 മാർച്ച് വരെ പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ജൂലൈ ഒന്ന് മുതൽ തുക ഇരട്ടിയാക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

2020 മാർച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന സമയപരിധി. കൊറോണ വ്യാപനവും ലോക്ക്ഡൗണും കാരണം സമയം നീട്ടിനൽകുകയായിരുന്നു. നിലവിൽ ആധാറും പാൻകാർഡും ബന്ധിപ്പിക്കണം എങ്കിൽ ഉപഭോക്താവിന് 500 രൂപ നൽകണം. ഇതാണ് ഇരട്ടിയാക്കി ഉയർത്തുന്നത്. ഇവ ലിങ്ക് ചെയ്തില്ലെങ്കിൽ വ്യക്തികളുടെ പാൻകാർഡ് പ്രവർത്തനരഹിതമാകും. പാൻ കാർഡ് ഉപയോഗിക്കാൻ സാധിക്കില്ല. ഇതിന് പുറമെ ബന്ധിപ്പിക്കാത്തവർക്ക് ആദായ നികുതി റിട്ടേൺ ഉൾപ്പെടെ സമർപ്പിക്കാനും സാധിക്കില്ല.