ആന്‍ഡേഴ്സണ്‍ തിരിച്ചെത്തി; ഇന്ത്യക്കെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

0
89

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യക്കെതിരെ നാളെ തുടങ്ങുന്നഎഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനുള്ള 11 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് കളിച്ച ടീമില്‍ നിന്ന് ക്രെയ്ഗ് ഓവര്‍ടണെ ഒഴിവാക്കിയപ്പോള്‍ സീനിയര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയതാണ് ഏക മാറ്റം.

സ്റ്റുവര്‍ട്ട് ബ്രോഡും മാത്യൂ പോട്ടുമാണ് മറ്റ് രണ്ട് പേസര്‍മാര്‍. സ്പിന്നറായി ജാക്ക് ലീച്ചും സ്ഥാനം നിലനിര്‍ത്തി. അലക്സ് ലീസും മോശം ഫോമിലുള്ള സാക്ക് ക്രോളിയുമാണ് ഓപ്പണര്‍മാര്‍. ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, സാം ബില്ലിംഗ്സ് എന്നിവരടങ്ങുന്നതാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിര. അടുത്ത മാസം 40 തികയുന്ന ആന്‍ഡേഴ്സ്ണ് പരിക്കുമൂലം ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര പരമ്പരിലെ പൂര്‍ത്തിയാക്കാതെ പോയ അവസാന ടെസ്റ്റാണ് നാളെ എഡ്ജ്ബാസ്റ്റണില്‍ തുടങ്ങുന്നത്.

വിരാട് കോലിക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം കളിച്ച നാലു ടെസ്റ്റില്‍ രണ്ടെണ്ണം ജയിച്ച് ഇന്ത്യ പരമ്പരയില്‍ 2-1ന് മു്നിലാണ്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ സമനില പിടിച്ചാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവും. കൊവിഡ് ബാധിതനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാളെ കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്ന് നടത്തുന്ന പരിശോധനകളിലും രോഹിത് കൊവിഡ് നെഗറ്റീവായില്ലെങ്കില്‍ നാളെ ഇന്ത്യയെ ജസ്പ്രീത് ബുമ്രയായിരിക്കും നയിക്കുക.