ആൾട്ട്‌ന്യൂസ്‌ ഉടമയുടെ അറസ്‌റ്റ്‌: പരാതി നൽകിയ അക്കൗണ്ട്‌ ‘കാണാനില്ല’

0
117

ഡൽഹി: ബിജെപി വിമർശകനും ആൾട്ട്‌ ന്യൂസ്‌ സഹസ്ഥാപകനുമായ മൊഹമ്മദ്‌ സുബൈറിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകിയ ട്വിറ്റർ അക്കൗണ്ട്‌ കാണാനില്ല. ‘ഹനുമാൻ ഭക്‌ത്‌ ’ എന്ന ട്വിറ്റർ അക്കൗണ്ടാണ്‌ 2018 ൽ സുബൈർ ചെയ്‌ത ട്രോൾ പോസ്‌റ്റിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകിയത്‌. എന്നാൽ ഈ അജ്ഞാത അക്കൗണ്ട്‌ സുബൈറിന്റെ അറസ്‌റ്റിന്‌ പിന്നാലെ മുക്കി.ജൂൺ പത്തൊമ്പതിന്‌ ’സുബൈറിനെ ഉടൻ അറസ്‌‌റ്റ്‌ ചെയ്യണമെന്നാണ്‌’ അവസാന പോസ്‌റ്റ്‌.

ബാലാജി കിരൺ എന്നയാളുടെ ലിങ്ക്‌ അഡ്രസാണ്‌ പേജിനുള്ളത്‌. 1983 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രത്തിലെ രംഗം പങ്കുവെച്ച്‌ മോദി ഭരണത്തെ ട്രോളിയതിനാണ്‌ സാമുദിയിക ഐക്യം തകർക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി സുബൈറിനെതിരെ കേസെടുത്തത്‌. മറ്റൊരു കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയാണ്‌ ശേഷമായിരുന്നു അറസ്‌റ്റ്‌.

ബിജെപി ഐടി സെല്ലിന്റെ വ്യാജവാർത്തകൾ കയ്യോടെ പിടിക്കുന്നതാണ്‌ ആൾട്ട്‌ ന്യൂസിനെ അവരുടെ ശത്രുവാക്കിയത്‌. അക്കൗണ്ട്‌ മുക്കിയതോടെ അറസ്‌‌റ്റ്‌ ചെയ്യിക്കാൻ ബിജെപിയും ഡൽഹി പൊലീസും ഒത്തുകളിച്ചുവെന്ന ആരോപണവും ശക്തമാകുന്നുണ്ട്‌.