കോവിഡ് ഡ്യൂട്ടിക്കിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരിച്ച മെല്‍ബിന്‍ ജോര്‍ജിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി

0
142

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ മരണമടഞ്ഞ കനിവ് 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ മെൽബിൻ ജോർജിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് കൈമാറി. മരണശേഷം കോവിഡ് മുന്‍നിര പോരാളികള്‍ക്കായുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് മാര്‍ച്ച് മാസം മെല്‍ബിന്റെ കുടുംബത്തിന് ലഭ്യമാക്കിയിരുന്നു.

ഇതുകൂടാതെയാണ് ഇപ്പോള്‍ 108 ആംബുലൻസ് കരാർ നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ എമർജൻസി മാനേജ്മെൻ്റ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ജീവനക്കാർക്കുള്ള ഇൻഷുറൻസ് തുകയിൽ നിന്നുള്ള 10 ലക്ഷം രൂപ കൂടി ലഭ്യമാക്കിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്ന് മെൽബിൻ്റെ ഭാര്യ ജിൻ്റു മെൽബിൻ ചെക്ക് ഏറ്റു വാങ്ങി.

2021 ഒക്‌ടോബര്‍ 20ന് ആണ് രോഗിയുമായി പോകുന്നതിനിടെയാണ് പാലക്കാട് പറമ്പിക്കുളത്ത് കനിവ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്ക് പറ്റിയ മെല്‍ബിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജി.വി.കെ ഇ.എം.ആര്‍.ഐ സംസ്ഥാന ഓപ്പറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം, എച്ച്.ആര്‍. മേധാവി വിഷ്ണു നന്ദ തുടങ്ങിയവര്‍ സന്നിഹിതരായി.