രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര നേടി ഇന്ത്യ; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ജയം

0
79

രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ അയര്‍ലന്‍ഡിനെ നാല് റണ്‍സിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യത്തിലേക്കെത്താന്‍ അയര്‍ലന്‍ഡ് തകര്‍ത്തടിച്ചെങ്കിലും അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ഹൂഡയും സഞ്ജുവുമാണ് കിടുക്കിയത്. നല്ല ഫോമിലായിരുന്ന മലയാളി താരം സഞ്ജു കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറിയും ഇന്ന് നേടി. ദീപക് ഹൂഡ 104 റണ്‍സെടുത്ത് ആറാടുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 13 റണ്‍സിനിടെ ആദ്യ വിക്കറ്റ് വീണ ഇന്ത്യക്കായി ദീപക് ഹൂഡയ്‌ക്കൊപ്പം രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണ്‍ തകര്‍ത്താടി. ഇരുവരും ചേര്‍ന്ന് 12ാം ഓവറില്‍ ടീമിനെ 100 കടത്തി. തുടക്കത്തില്‍ ഹൂഡയായിരുന്നു കൂടുതല്‍ അപകടകാരിയായി ബാറ്റ് വീശിയത്. എന്നാല്‍ ഇടയ്ക്കിടയ്ക്ക് മനോഹരമായ ബൗണ്ടറികളുമായി സഞ്ജു മുന്നോട്ട് കുതിച്ചു. 13ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറി നേടിയാണ് സഞ്ജു കന്നി അര്‍ധ സെഞ്ചുറി തികച്ചത്.

അര്‍ധ സെഞ്ചുറിക്ക് പിന്നാലെ ആഞ്ഞടിച്ച സഞ്ജു ഒന്‍പത് ഫോറും നാല് സിക്‌സും ഉള്‍പ്പടെയാണ് 42 പന്തില്‍ 77 റണ്‍സെടുത്തത്. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് മത്സരത്തിന് ഇറങ്ങിയത്. ഋതുരാജ് ഗെയ്ക്‌വാദ്, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് പകരം സഞ്ജു സാംസണ്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവരാണ് ടീമിലെത്തിയത്. ടോസിന്റെ സമയത്ത് സഞ്ജു ടീമിലുണ്ടെന്ന് ഹാര്‍ദിക് പറഞ്ഞതോടെ ഗാലറിയില്‍ നിറഞ്ഞ കൈയടികളായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിനാണ് തോല്‍പ്പിച്ചത്.