നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം കോടതി ഇന്ന് പരിഗണിക്കും

0
62

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ദൃശ്യങ്ങള്‍ ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് പരിഗണിക്കും.

മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യം ചോര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി മുന്‍പ് അതിജീവിതയോട് പറഞ്ഞിരുന്നു. ഈ ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത് നിങ്ങള്‍ തന്നെയല്ലേയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്ന് കോടതി മറുപടിയായി ചോദിച്ചു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും വീഡിയോ ചോര്‍ന്നുവെന്നതിന്റെ കൂടുതല്‍ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.