മാത്യു കുഴൽനാടൻ എംഎൽഎയയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി വീണ ജോർജും എ എ റഹീംമും

0
56

നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചക്കിടെ മുഖ്യമന്ത്രിയുടെ മകൾക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച മാത്യു കുഴൽ നാടന് മറുപടിയുമായി വീണ ജോർജും എ എ റഹീംമും. മുഖ്യമന്ത്രിയുടെ മകൾ വീണ പ്രൈസ് വാട്ടർ ഹൌസ് കൂപേഴ്സിലെ ഡയറക്ടർമാരിൽ ഒരാളെ മെന്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ അങ്ങനെ ഉണ്ടായിട്ടില്ലെന്നും വീട്ടിലിരിക്കുന്നവരെ വെറുതെ വലിച്ചഴിക്കരുതെന്നും മുഖ്യമന്ത്രി സഭയിൽ തന്നെ മറുപടി കൊടുത്തു. ഇപ്പോൾ വീണ ഇതെപ്പറ്റി സംസാരിക്കുന്ന 2020 ഇലെ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് എ എ റഹീം ഇതിനു മറുപടി പറയുന്നത്

പോസ്റ്റിന്റെ പൂർണരൂപം

മാത്യു അങ്ങനെയൊക്കെയാണ്.
നല്ല അച്ചടി ഭാഷയിൽ ശുദ്ധ അസംബന്ധം പറയാൻ നല്ല മികവുള്ള ആളാണ്.ഇത് മുൻപ് ഒരു ചർച്ചയിലും ഞാൻ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തന്നെ സൂചിപ്പിച്ചിരുന്നു.

ഇന്ന്,മാത്യു കുഴൽനാടൻ നിയമസഭ സഭയിൽ വിചിത്രമായ ഒരാരോപണം ഉന്നയിക്കുന്നത് കേട്ടു. ” ജെയിക്ക് ബാലകുമാർ എന്നു പറയുന്ന പ്രൈസ് വാട്ടർ കൂപ്പേഴ്സ് ഡയറക്ടർ അങ്ങയുടെ മകളുടെ മെൻ്ററെ പോലെയാണെന്ന് മകൾ പറഞ്ഞ കാര്യം അങ്ങേയ്ക്ക് നിഷേധിക്കാൻ കഴിയുമോ?”

മുഖ്യമന്ത്രി അതിന് മറുപടി പറഞ്ഞു: “അത്തരത്തിലുള്ള ഒരു വ്യക്തിയെയും എന്റെ മകളുടെ മെന്ററായിട്ട് ആ മകൾ ഒരിക്കലും പറഞ്ഞിട്ടില്ല”

മാത്യു കുഴൽനാടൻ ഇന്ന് നിയമസഭയിൽ പറഞ്ഞത്, കഴിഞ്ഞ വർഷം വളരെ മോശമായി ഉന്നയിക്കപ്പെട്ട ഒരു ആരോപണത്തിനെ മറ്റൊരു ദുരരോപണമായി ഉന്നയിക്കാനുള്ള ശ്രമമാണ്.
പച്ചക്കള്ളമാണ് മാത്യു കുഴൽനാടൻ ഉന്നയിച്ചത്.
കഴിഞ്ഞ തവണ ഇത് ഉന്നയിച്ചപ്പോൾ അതിന്റെ മുന അന്ന് തന്നെ ഓടിയുകയും മറ്റാരും ഏറ്റെടുക്കുകയും ചെയ്തില്ല.
അതേ അസംബന്ധം,ഞാൻ ആദ്യം സൂചിപ്പിച്ച അച്ചടി ഭാഷയിൽ ഇന്ന് ആവർത്തിക്കുകയാണ് കുഴൽ നാടൻ ചെയ്തത്.

തന്റെ മെന്റർ ആണ് ജെയ്ക്ക് എന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ പറഞ്ഞു എന്നാണ് ഇന്ന് മാത്യു ഉന്നയിച്ചത്. ഒരിക്കൽ പോലും വീണ അങ്ങനെ പറഞ്ഞിട്ടില്ല.
പറയാത്ത കാര്യങ്ങൾ,’മുഖ്യമന്ത്രിയുടെ മകൾ പറഞ്ഞു’എന്ന് കള്ളം പറഞ്ഞു നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീച ശ്രമമാണ് അദ്ദേഹം ഇന്ന് സഭയിൽ നടത്തിയത്.

യതാർത്ഥത്തിൽ വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ കൺസൾട്ടന്റുമാരിൽ ഒരാളായി പേര് കൊടുത്തത് ഈ ജെയ്ക്ക് ബാലാകുമാരിന്റേത് കൂടിയായിരുന്നു. വീണയുടെ കൂടെ ജോലി ചെയ്യുന്ന വ്യക്തിയുടെ കസിൻ ബ്രദറായ ജൈക്കിനെ എക്സാലോജിക് സൊലൂഷൻസിന്റെ കൺസൾട്ടന്റായി വെബ്സൈറ്റിൽ പരാമർശിച്ചിട്ടുണ്ട്. അത് ഐടി രംഗത്ത് സാധാരണ എല്ലാവരും ചെയ്യുന്ന കാര്യവുമാണ്.

ഏഷ്യാനെറ്റ് ന്യൂസിൽ കുടുംബസമേതമുള്ള ഒരു ഇന്റർവ്യൂവിൽ വീണ ഇതേക്കുറിച്ച് വ്യക്തമായി പ്രതികരിക്കുന്നുണ്ട്. ജൈക് ബാലകുമാർ തന്റെ മെന്ററാണെന്ന് വീണ ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല. എക്സലോജിക്കിന്റെ കൺസൽറ്റന്റായി ജൈക്കിന്റെ പേര് വെബ്സൈറ്റിൽ കൊടുത്തുവെന്ന് മാത്രം. കൂടെ ജോലി ചെയ്യുന്ന വ്യക്തിയുമായുള്ള ബന്ധുത്വം കൊണ്ടുമാത്രം ചെയ്തകാര്യമാണ് അത്. പിന്നീട് വിവാദങ്ങൾക്ക് ശേഷം ജൈക്ക് ആവശ്യപ്പെട്ടതനുസരിച്ച് പേര് നീക്കം ചെയ്തുവെന്നും വീണ ഏഷ്യാനെറ്റിനോട് പറയുന്നുണ്ട്.

ലോകത്താകെ 742 ഇടങ്ങളിലായി മൊത്തം 157 രാജ്യങ്ങളിൽ PwC പ്രവർത്തിക്കുന്നുണ്ട്.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിന്റെ
19,447 ഡയരക്ടർമാരിൽ ഒരാൾ മാത്രമാണ് മാത്യു കുഴൽനാടൻ പറഞ്ഞ ജൈക് ബാലകുമാർ. PwC യുടെ നയപരമായ എന്തെങ്കിലും തീരുമാനം കൈക്കൊള്ളാനുള്ള പദവിയോ അധികാരമോ ഒന്നും തന്നെ ജൈക്കിനില്ല.മാത്രവുമല്ല, കമ്പനിയുടെ ഇന്ത്യയിലെ പോയിട്ട് ഏഷ്യാ വൻകരയിലെ ഒരു പ്രോജക്റ്റും ജൈക് ഇതുവരെയും ഏറ്റെടുത്തില്ല.

വീണ വഴി സ്വാധീനം ചെലുത്തിയിട്ടാണ് സ്വപ്നയ്ക്ക് ഐടി വകുപ്പിൽ PwC യുമായി ബന്ധമുള്ള സ്ഥാപനത്തിൽ കരാർ ജോലി കിട്ടിയത് എന്നത് ഏതായാലും വല്ലാത്ത കണ്ടുപിടുത്തം തന്നെയാണ്.

പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് മാത്യു കുഴൽനാടൻ ചെയ്യുന്നത്. സ്വപ്നയുടെ ജോലി വീണ ഇടപെട്ടുലഭിച്ചതാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം.

പക്ഷെ, അവിടെയും തിരക്കഥ പോരാ. കൂടുതൽ വ്യക്തമായി പറഞ്ഞാൽ സ്വപ്‌ന സുരേഷ് ഒരിക്കലും ഐടി വകുപ്പ് ജീവനക്കാരിയായിരുന്നില്ല.
കേരള ഐടി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിന്റെ സ്‌പേസ് പാര്‍ക് പ്രോജക്റ്റിൽ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെയാണ് കണ്‍സള്‍ട്ടന്റായി നിയമിച്ചിരുന്നത്.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ സഹകരാർ കൊടുത്ത കമ്പനിയാണ് വിഷന്‍ ടെക്. ഈ വിഷന്‍ ടെക്കിലെ കോൺട്രാക്ട് ജീവനക്കാരിയായിരുന്നു സ്വപ്‌ന. വിഷൻ ടെക്കിലെ സ്വപ്നയുടെ കരാർ നിയമനത്തിന് പുറകിൽ PwC യിലെ അനേകം ഡയരക്ടർമാരിൽ ഒരാളായ ജൈക് ബാലകുമാറിന്റെ സ്വാധീനമാണെന്നതൊക്കെ അസാധ്യമായ കോൺസ്പിരസി തിയറിയാണെന്നേ പറയാൻ കഴിയൂ.

തുടക്കത്തിൽ പറഞ്ഞപോലെ,മാത്യു പണ്ടേ തന്നെ മുനയൊടിഞ്ഞുപോയ അസംബന്ധങ്ങൾ,കളവുകൾ നല്ല താളത്തിൽ പറയാൻ ശ്രമിക്കുന്നു എന്ന് മാത്രം.ഇങ്ങനെ കല്ലെറിഞ്ഞാൽ തകർന്ന് പോകുന്നതാണ് മുഖ്യമന്ത്രിയെന്ന് കരുതരുത്.
മകളും കുടുംബാംഗങ്ങളും വേട്ടയാടപ്പെടുമ്പോൾ ഭരണത്തലവൻ തളർന്നപോകുമെന്ന് കരുതരുത്.

 

പഴയ വീഞ്ഞ് പുതിയ കുപ്പിയില്ലാക്കാനുള്ള ശ്രമംഎന്നാണ് മന്ത്രി വീണ ജോർജ് പോസ്റ്റ്‌ ചെയ്തത്

പോസ്റ്റിന്റെ പൂർണരൂപം

മുഖ്യമന്ത്രിയേയും കുടുംബത്തെയും ആക്ഷേപിക്കാനുള്ള വേദിയായാണ് ഇന്നത്തെ അടിയന്തര പ്രമേയ ചർച്ചയെ പ്രതിപക്ഷം കണ്ടത് എന്നത് ദൗർഭാഗ്യകരമാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാനുള്ള ശ്രമം!!. പ്രതിപക്ഷ എം എൽഎ മാത്യു കുഴനാടൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഇന്ന് ഉന്നയിച്ചത് മുമ്പേ തന്നെ ഉന്നയിക്കപ്പെട്ട് തകർന്നടിഞ്ഞ ആരോപണമാണ്.പിഡബ്ലുസിയുടെ ഡയറക്ടർ അവരുടെ മെന്ററാണെന്ന് അവർ എഴുതിയെന്നാണ് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണം. മകൾ ഒരുഘട്ടത്തിലും ഇങ്ങനെ എഴുതിയിട്ടില്ലെന്നും സത്യവിരുദ്ധ പ്രചരണമാണെന്നും മുഖ്യമന്ത്രി തന്നെ സഭയിൽ പറഞ്ഞു. പൊടിതട്ടിയെടുത്ത ഒരു സ്ക്രീൻ ഷോട്ടിലും മുഖ്യമന്ത്രിയുടെ മകൾ അങ്ങനെ പറഞ്ഞതായി കാണാൻ കഴിയില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വീണ ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകിയിരുന്നു. “എന്റെ സഹപ്രവർത്തകയുടെ ബന്ധുവാണ് ജെയ്ക് ബാലകുമാർ. കമ്പനി തുടങ്ങിയപ്പോൾ വെബ്സൈറ്റിൽ അഡ്വൈസറി ബോർഡിൽ കുറച്ച് ആളുകളെ വയ്ക്കും. അങ്ങനെയാണ് ജെയ്ക്കിനെ ഉൾപ്പെടുത്തിയത്. പിഡബ്ല്യുസിയിലെ അമേരിക്കയിലെ ഒരു വിംഗിലാണ് ജെയ്ക്ക് വർക്ക് ചെയ്യുന്നത്. അയാൾക്ക് ഇന്ത്യയുമായി വലിയ ബന്ധമില്ല. “ഇതാണ് അന്ന് വീണ പറഞ്ഞ കാര്യം.പിഡബ്ലുസിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉയർന്ന സാഹചര്യത്തിൽ തന്നെ ഇതിൽ നിന്നും ഒഴിവാക്കണമെന്ന് ആ വ്യക്തി തന്നെ ആവശ്യപ്പെട്ടതിനാൽ ഒഴിവാക്കിയെന്നാണ് അന്ന് വീണ വ്യക്തമാക്കിയത്. അതോടുകൂടി ആ ആരോപണത്തിന് നിലനിൽപ്പില്ലാതായി. അതാണ് ഇന്ന് നിയമസഭയിൽ പുതിയ കാര്യമായി അവതരിപ്പിക്കപ്പെട്ടത്. ഇന്ന് പ്രതിപക്ഷത്തിരിക്കുന്ന ചില നേതാക്കളുടെ കുടുംബത്തിനെതിരെ ആരോപണം ഉയർന്നപ്പോൾ, അത് പൊതുവേദികളിൽ ഉന്നയിക്കരുതെന്നും വ്യക്തിപരമാണെന്നും കൂടെയുള്ളവർക്ക് നിർദ്ദേശം നൽകിയ നേതാവ് ആരാണെന്ന് പ്രതിപക്ഷാംഗങ്ങൾക്ക് അറിയാതിരിക്കില്ലല്ലോ!