Saturday
10 January 2026
20.8 C
Kerala
HomeKeralaമുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി.ശിവദാസ മേനോന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി.ശിവദാസ മേനോന്‍ അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി.ശിവദാസ മേനോന്‍ അന്തരിച്ചു. 90 വയസായിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു.

മലമ്ബുഴ മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. രണ്ടാം നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു.

ജന്മനാടായ മണ്ണാര്‍ക്കാട്​ കെ.ടി.എം ഹൈസ്​കൂള്‍ അധ്യാപകനായും പിന്നീട്​ പ്രധാനാധ്യാപകനായും ഔദ്യോഗിക ജീവിതം തുടങ്ങിയ ശിവദാസ മേനോന്‍ അധ്യാപക സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ്​ സി.പി.എം രാഷ്​​ട്രീയത്തിലെത്തിയത്​. 1987ല്‍ മലമ്ബുഴ മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തി.

1991ലും 1996ലും അതേ മണ്ഡലത്തില്‍ നിന്നു തന്നെ നിയമസഭയിലെത്തി. 1987 മുതല്‍ 1991വരെയാണ് നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായ്.1996 -2001 കാലഘട്ടത്തില്‍ സംസ്​ഥാന ധനമന്ത്രിയായി അഞ്ച്​ തവണ തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. അതേ കാലയളവില്‍ എക്സൈസ് വകുപ്പും അദ്ദേഹം കൈകാര്യം ചെയ്തു.എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകള്‍ സഹകരണ സംഘങ്ങള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്ത തീരുമാനം ശ്രദ്ധ നേടിയിരുന്നു.

1993 മുതല്‍ 1996 വരെ പബ്ലിക്​ അക്കൗണ്ട്​സ്​ കമ്മറ്റി ചെയര്‍മാനായിരുന്നു. 1958ല്‍ മലബാറില്‍ രൂപീകൃതമായ പ്രൈവറ്റ്​ ഹൈസ്​കൂള്‍ ടീച്ചേഴ്​സ്​ യൂനിയന്‍ സ്​ഥാപകാംഗമായി. ഇടതുപക്ഷാഭിമുഖ്യമുള്ള അധ്യാപക സംഘടനയായ കേരള പ്രൈവറ്റ്​ ടീച്ചേഴ്​സ്​ ഫെഡറേഷന്‍ മലബാര്‍ മേഖല പ്രസിഡന്‍റായിരുന്നു. സി.പി.എം പാലക്കാട്​ ജില്ലാ സെക്രട്ടറി, സി.പി.എം സംസ്​ഥാന സെക്രട്ടറിയേറ്റ്​ അംഗം, എട്ടു വര്‍ഷത്തോളം കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി സിന്‍ഡിക്കേറ്റ്​ അംഗം, കേരള സംസ്​ഥാന വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ്​ അംഗം എന്നീ സ്​ഥാനങ്ങളും വഹിച്ചു.

വി.എസ്.​കെ പണിക്കരുടെ മകനായി 1932 ജൂണ്‍ 14ന്​ പാലക്കാട്​ ജില്ലയിലെ മണ്ണാര്‍ക്കാടായിരുന്നു മേനോന്‍ ജനിച്ചത്​. ടി.കെ ഭവാനിയാണ്​ ഭാര്യ. മക്കള്‍: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കള്‍: കരുണാകര മേനോന്‍ (എറണാകുളം), സി. ശ്രീധരന്‍നായര്‍ (മഞ്ചേരി).

RELATED ARTICLES

Most Popular

Recent Comments