മുകേഷ് അംബാനി റിലയൻസ് ജിയോയുടെ ചെയർമാൻ സ്ഥാനം രാജിവച്ചു; മകൻ ആകാശ് അംബാനി പുതിയ ചെയർമാൻ

0
160

മുബൈ: റിലയൻസ് ജിയോയുടെ ചെയർമാൻ സ്ഥാനം മുകേഷ് അംബാനി രാജിവച്ചു. അദ്ദേഹത്തിന്റെ മകൻ ആകാശ് അംബാനിയാണ് പുതിയ ചെയർമാൻ. ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനായി നോൺ എക്സിക്യുട്ടിവ് ഡയറക്ടർ ആകാശ് എം അംബാനി ചുമതലയേറ്റു. മുകേഷ് അംബാനി തിങ്കളാഴ്ചയാണ് ഔദ്യോഗികമായി സ്ഥാനം ഒഴിഞ്ഞത്.

പങ്കജ് മോഹൻ പവാർ മാനേജിംഗ് ഡയറക്ടറായും രമീന്ദർ സിംഗ് ഗുജ്‌റാൾ, കെവി ചൗധരി എന്നിവർ സ്വതന്ത്ര ഡയറക്ടർമാരായും നിയമിതരായി. അഞ്ച് വർഷത്തേക്കാണ് ഇവരുടെ നിയമന കാലാവധി. ടെലികോം സ്ഥാപനങ്ങൾ 5ജി നെറ്റ്‌വർക്കുകൾ പുറത്തിറക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കേയാണ് ആകാശ് അംബാനി റിലയൻസ് ജിയോയുടെ തലപ്പത്തെത്തുന്നത്. ജൂലൈയിൽ കേന്ദ്രസർക്കാർ 5ജി സ്‌പെക്‌ട്രം ലേലം നടത്താനിരിക്കുകയാണ്.

ഇതിനുമുമ്പ്, മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ജിയോ ഡിജിറ്റൽ മേഖലയിൽ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിച്ചിരുന്നു. റിലയൻസ് ജിയോ ഇൻഫോകോം ഉൾപ്പെടെ എല്ലാ ജിയോ ഡിജിറ്റൽ സേവന ബ്രാൻഡുകളുടെയും ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ ചെയർപേഴ്‌സണായി മുകേഷ് അംബാനി തന്നെ തുടരും. ആകാശ് അംബാനി പുതിയ ചെയർമാനായി ചുമതലയേറ്റ ശേഷം, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി ചൊവ്വാഴ്ച 2,530 രൂപയിലെത്തി. തിങ്കളാഴ്ച 2,492.65 രൂപയായിരുന്ന ഓഹരിയാണ് 1.50 ശതമാനം ഉയർന്ന് 2,530 ൽ എത്തിയത്.