രോഹിത് ശർമയ്ക്ക് കോവിഡ്; ഇന്ത്യന്‍ ടീമിന് നിയന്ത്രണമേര്‍പ്പെടുത്തി ബിസിസിഐ

0
83

ലണ്ടന്‍: ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) കൊവിഡ് ബാധിതനായതോടെ ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിന് നിയന്ത്രണമേര്‍പ്പെടുത്തി ബിസിസിഐ. താരങ്ങള്‍ അനാവശ്യമായി പുറത്ത് പോകരുതെന്നും മറ്റുള്ളവരുമായി ഇടപഴകരുതെന്നും ബിസിസിഐ (BCCI) മുന്നറിയിപ്പ് നല്‍കി. ലെസ്റ്റര്‍ഷെയറിനെതിരായ സന്നാഹമത്സരത്തിനിടെ ശനിയാഴ്ചയാണ് രോഹിത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന് ഇത്തവണ ബയോബബിളോ മറ്റ് കടുത്ത നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇന്ത്യന്‍ നായകന്‍ കൊവിഡ് ബാധിതനായത്. ഈ പശ്ചത്തലത്തിലാണ് താരങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടത്. വെള്ളിയാഴ്ചയാണ് അഞ്ചാം ടെസ്റ്റിന് തുടക്കമാവുക.
രോഹിത്തിന് പകരക്കാരനായി മായങ്ക് അഗര്‍വാളിനെ (Mayank Agarwal) ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടില്‍ നിലവില്‍ ക്വാറന്റൈന്‍ ഇല്ലാത്തതിനാല്‍ താരത്തിന് നേരിട്ട് ടീമിനൊപ്പം ചേരാം. ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ മാര്‍ച്ചിലാണ് മായങ്ക് അവസാനമായി ടെസ്റ്റ് കളിച്ചത്. രോഹിത്തിന് നിര്‍ണായക ടെസ്റ്റില്‍ കല്‍ക്കാനാവുമോ എന്നുറപ്പില്ല. മെഡിക്കല്‍ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഐസൊലേഷനിലാണ് രോഹിത്. 
താരത്തിന് കളിക്കാനായില്ലെങ്കില്‍, ശുഭ്മാന്‍ ഗില്ലിനൊപ്പം മായങ്ക് ഓപ്പണ്‍ ചെയ്യേണ്ടി വരും. നേരത്തെ, പരിക്ക് കാരണം കെ എല്‍ രാഹുലിനും പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.  ക്യാപ്റ്റന്‍സിയും ഇന്ത്യക്ക് തലവേദനയാണ്. രോഹിത് ടീമിലില്ലെങ്കില്‍ ആര് നയിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ചിന്തിക്കുന്നത്. പ്രത്യേകിച്ച് വൈസ് ക്യാപ്റ്റന്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍. ജസ്പ്രിത് ബുമ്രയ്ക്കാണ് സാധ്യത കൂടുതല്‍. 
ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റര്‍ഷെയറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ചതുര്‍ദിന സന്നാഹ മത്സരത്തില്‍ രോഹിത് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ദിനം ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ 25 റണ്‍സ് നേടിയ താരം റോമന്‍ വോള്‍ക്കറുടെ പന്തില്‍ പുറത്തായി. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മികച്ച ബാറ്റര്‍ രോഹിത് ശര്‍മ്മയായിരുന്നു. ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിംഗ് ശരാശരിയോടെ 368 റണ്‍സ് ഹിറ്റ്മാനുണ്ട്.