ഷമ്മി തിലകനെ പുറത്താക്കിയ താരസംഘടനയായ അമ്മയുടെ നടപടിയെ വിമര്‍ശിച്ച്‌ നടി രഞ്ജിനി

0
177

നടന്‍ ഷമ്മി തിലകനെ (Shammy Thilakan) പുറത്താക്കിയ താരസംഘടനയായ അമ്മയുടെ (AMMA) നടപടിയെ വിമര്‍ശിച്ച്‌ നടി രഞ്ജിനി (Ranjini).

ഷമ്മി തിലകനെ പുറത്താക്കിയവര്‍ തന്നെ ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ (Vijay Babu) തുടരാന്‍ അനുവദിക്കുകയാണെന്നും ഇത് മാഫിയാവല്‍ക്കരണമാണെന്നും രഞ്ജിനി തുറന്നടിച്ചു. ഒപ്പം സംഘടനയിലെ അംഗങ്ങളും എംഎല്‍എമാരുമായ മുകേഷിനോടും ഗണേഷ് കുമാറിനോടും ഒരു ചോദ്യമുയര്‍ത്തുകയും ചെയ്യുന്നു അവര്‍. ഫേസ്ബുക്കിലൂടെയാണ് രഞ്ജിനിയുടെ പ്രതികരണം

രഞ്ജിനിയുടെ കുറിപ്പ്

തിലകനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയില്‍ നിന്ന് പുറത്താക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണ്. അതേസമയം ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു! ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ് ഈ താരസംഘടന. ഇത് മാഫിയാവല്‍ക്കരണമാണ്. സംഘടനയില്‍ അംഗങ്ങളായ, ഉറങ്ങുന്ന രണ്ട് എംഎല്‍എമാരോട്, ഈ ചെറിയ സംഘടനയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്താണ് നിങ്ങള്‍ ചെയ്യുക?

അതേസമയം ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍റെ വാര്‍ത്താസമ്മേളനത്തിലെ പ്രതികരണത്തിനെതിരെ കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. വിജയ് ബാബുവിനെ എന്തുകൊണ്ട് പുറത്താക്കുന്നില്ല എന്ന ചോദ്യത്തിന് ‘അമ്മ’ ഒരു ക്ലബ്ബാണെന്നും മറ്റു പല ക്ലബ്ബുകളിലും അ൦ഗമായ വിജയ് ബാബുവിനെ അവരാരും പുറത്താക്കിയില്ലല്ലോ എന്നുമായിരുന്നു ഇടവേള ബാബുവിന്‍റെ പ്രതികരണം. ഇടവേള ബാബുവിന്‍റെ പ്രതികരണം ഞെട്ടലുണ്ടാക്കിയെന്നായിരുന്നു ഗണേഷിന്‍റെ പ്രതികരണം. “ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ വ്യത്യാസമുണ്ടെങ്കില്‍ മോഹന്‍ലാല്‍ അക്കാര്യം വ്യക്തമാക്കട്ടെ. അമ്മ ക്ലബ്ബ് എന്ന തരത്തില്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച്‌ ഇടവേള ബാബു മാപ്പ് പറയണം. അമ്മ ക്ലബ്ബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. സംഘടനയില്‍ നിന്ന് രാജി വെക്കും. മറ്റ് ക്ലബ്ബുകളില്‍ ചീട്ടുകളിയും ബാറും ഒക്കെ ആണ്. അതുപോലെയാണോ ‘അമ്മ’?” ക്ലബ്ബ് പരാമര്‍ശത്തില്‍ മേഹന്‍ലാലിന് കത്തെഴുതുമെന്നും ​ഗണേശ് പ്രതികരിച്ചിരുന്നു.