ഇന്ത്യക്കെതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. 7 വിക്കറ്റിനാണ് ആതിഥേയർ ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 139 റൺസ് വിജയലക്ഷ്യം 17 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക മറികടന്നു. 48 പന്തുകളിൽ 80 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ചമരി അത്തപ്പത്തുവിൻ്റെ ബാറ്റിംഗാണ് ശ്രീലങ്കയെ വിജയിപ്പിച്ചത്.
സ്വന്തം നാട്ടിൽ ഇന്ത്യക്കെതിരെ ശ്രീലങ്ക നേടുന്ന ആദ്യ ടി-20 വിജയമാണിത്. കളി പരാജയപ്പെട്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 138 റൺസ് നേടിയത്. 39 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ടോപ്പ് സ്കോററായപ്പോൾ ജമീമ റോഡ്രിഗസും (33) ഇന്ത്യക്കുവേണ്ടി തിളങ്ങി. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ബൗളർമാർ ഇന്ത്യയെ പിടിച്ചുകെട്ടുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ വിശ്മി ഗുണരത്നെ വേഗം പുറത്തായെങ്കിലും അത്തപ്പത്തുവിൻ്റെ വിസ്ഫോടനാത്മക ഇന്നിംഗ്സ് ശ്രീലങ്കയെ അനായാസം വിജയിപ്പിക്കുകയായിരുന്നു. നിലാക്ഷി ഡിസിൽവ 30 റൺസെടുത്തു. 80 റൺസെടുത്ത് പുറത്താവാതെ നിന്ന അത്തപ്പത്തു തന്നെയാണ് കളിയിലെ താരം. ആകെ ഏഴ് ബൗളർമാർ ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞെങ്കിലും അത്തപ്പത്തുവിനെ വീഴ്ത്താൻ സാധിച്ചില്ല.