പ്രതിപക്ഷബഹളം; നിയമസഭ നിർത്തിവെച്ചു

0
189

പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ബഹളത്തോടെ തുടക്കം.ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും പ്രതിപക്ഷ എംഎൽഎമാർ മുദ്രാവാക്യം വിളി ആരംഭിക്കുകയും ചെയ്തു. കറുപ്പ് വസ്ത്രം അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങളിൽ പലരും സഭയിൽ എത്തിയത്. സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബഹളം തുടർന്നതിനാൽ സഭ തൽക്കാലത്തേക്ക് നിർത്തിവെച്ചു.

അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. ടി. സിദ്ദിഖാണ് അടിയന്തര പ്രമേയത്തിന് അടുമതി തേടി നോട്ടീസ് നൽകിയത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണനയിലാണെന്ന് സ്പീക്കർ തുടക്കത്തിൽ വ്യക്തമാക്കി. അഞ്ച് മിനിറ്റ് മാത്രമാണ് സഭ നടന്നത്.

സിൽവർലൈൻ പദ്ധതി, ബഫർ സോൺ വിഷയം എന്നിവയിലെ സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നും ഈ നിയമസഭ സമ്മേളനം ഉറ്റുനോക്കുന്നു . ഈ സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളിൽ 13 ദിവസം ധനാഭ്യർത്ഥന ചർച്ചക്കാണ് നീക്കിവച്ചത്. നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായും, ധനകാര്യബിൽ ഉൾപ്പെടെയുള്ള ബില്ലുകളുടെ പരിഗണനക്കായി നാല് ദിവസവും ഉപധനാഭ്യാർത്ഥനക്കും ധനവിനിയോഗ ബില്ലുകൾക്കുമായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം മെയ് 24ന് ആദ്യ സമ്മേളനം ചേർന്ന പതിനഞ്ചാം കേരള നിയമസഭ ഇപ്പോൾ ഒരു വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടക്ക് നാലു സമ്മേളനങ്ങളിലായി മൊത്തം 61 ദിനങ്ങളാണ് സഭ സമ്മേളിച്ചത്. കൊവിഡ് പശ്ചാത്തലത്തിലും ഇത്രയും ദിവസങ്ങൾ സമ്മേളനം നടന്നു എന്നത് മറ്റ് സംസ്ഥാന നിയമസഭകളുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട പ്രകടനമാണ്.