ഇന്ത്യയും അയർലൻഡും തമ്മിലുള്ള ആദ്യ ടി-20; മഴയിൽ മുങ്ങിയേക്കുമെന്ന് റിപ്പോർട്ട്

0
95

ഇന്ത്യ അയർലൻഡ് ആദ്യ ടി-20 മത്സരം മഴയിൽ മുങ്ങിയേക്കുമെന്ന് റിപ്പോർട്ട്. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലെ മലഹിഡെ ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയത്തിലാണ് ഇന്ന് മത്സരം തീരുമാനിച്ചിരിക്കുന്നത്. ഇവിടെ 71 ശതമാനം മഴ സാധ്യതയാണ് ഉള്ളത്.

ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് (അയർലൻഡ് സമയം വൈകിട്ട് 4.30) മത്സരം. ഈ സമയത്ത് 97 ശതമാനം മഴ സാധ്യതയുണ്ട്. ഇന്ത്യൻ സമയം 8.30 മുതൽ 9.30 വരെയുള്ള സമയത്ത് ഡബ്ലിനിൽ ഒരു മില്ലിമീറ്റർ മഴയ്ക്കുള്ള സാധ്യതയുമുണ്ട്. മഴ പെയ്തില്ലെങ്കിൽ പോലും കളി നടക്കുന്ന സമയത്ത് മേഘങ്ങളുണ്ടാവും. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിൽ ഈർപ്പമുണ്ടാവാനിടയുണ്ട്. ഇത് ബാറ്റിംഗ് ദുഷ്കരമാക്കും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി എന്നീ മുതിർന്ന താരങ്ങൾ അയർലൻഡിനെതിരെ കളിക്കില്ല. ശ്രേയസ് അയ്യരും ടീമിൽ ഇല്ല. മലയാളി താരം സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങൾ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.