അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും

0
101

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. രാത്രി 9 മണിക്കാണ് മത്സരം തുടങ്ങുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയിലെ ആദ്യ രണ്ട് കളിയും തോറ്റതോടെ യുവതാരങ്ങള്‍ക്ക് ആഗ്രഹിച്ചനിലയില്‍ അവസരം നല്‍കാനായിരുന്നില്ല. അയര്‍ലന്‍ഡിലെത്തുമ്പോള്‍ ഈ കുറവ് പരിഹരിക്കുകയാകും ആദ്യ ലക്ഷ്യം. ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടത്തിലെത്തിച്ച ഹാര്‍ദിക് പണ്ഡ്യയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം പരമ്പരയുടെ ശ്രദ്ധാകേന്ദ്രമാകും.
ഹാര്‍ദിക്കിന് പുറമെ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ (Ishan Kishan), വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക് (Dinesh Karthik) എന്നിവര്‍ അന്തിമ ഇലവനിലെത്തുമെന്ന് ഉറപ്പ്. ടി20 ഫോര്‍മാറ്റില്‍ അപകടകാരിയായ സൂര്യകുമാര്‍ യാദവ് (Suryakumar Yadav) മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. സഞ്ജു സാംസണ്‍ (Sanju Samson) ആദ്യ മത്സരത്തില്‍ കളിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരും.
ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍,ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍  എന്നിവര്‍ക്കൊപ്പം ചഹലും സ്ഥാനം നിലനിര്‍ത്തിയേക്കും. അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനും ഡെത്ത് ഓവറുകളില്‍ കൃത്യതയോടെ പന്തെറിഞ്ഞ് ഐപിഎല്ലില്‍ താരമായ അര്‍ഷ്ദീപ് സിംഗിനും അരങ്ങേറ്റം അനുവദിക്കുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരം നാളെയും രണ്ടാം ട്വന്റി 2-0 ചൊവ്വാഴ്ചയും നടക്കും.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് ശേഷം നടക്കുന്ന ട്വന്റി 20 പരമ്പരയിലും ഇതേ ടീമിനെ നിലനിര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ സഞ്ജു അടക്കമുള്ളവര്‍ക്ക് ഓരോ മത്സരവും പ്രധാനമാണ്. രാഹുല്‍ ദ്രാവിഡ് ശേഷം ഇന്ത്യന്‍ പരിശീലകനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിവിഎസ് ലക്ഷ്മണിന് കീഴിലാണ് ഇന്ത്യന്‍ ടീം കളിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.