സ്മൃതിയും ഹർമനും തിളങ്ങി; ജയത്തോടെ ടി-20 പരമ്പര നേടി ഇന്ത്യ

0
71
It was a game to cherish for Harmanpreet Kaur and Smriti Mandhana. Photo: IANS

ശ്രീലങ്കക്കെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഇന്ത്യൻ വനിതാ ടീമിനു ജയം. 5 വിക്കറ്റിന് ശ്രീലങ്കയെ വീഴ്ത്തിയ ഇന്ത്യ തുടർച്ചയായ രണ്ടാം ജയത്തോടെ പരമ്പര സ്വന്തമാക്കി. ശ്രീലങ്ക മുന്നോട്ടുവച്ച 126 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. 39 റൺസെടുത്ത സ്മൃതി മന്ദന ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 31 റൺസെടുത്ത് പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി ഓപ്പണർമാരാണ് തിളങ്ങിയത്. വിശ്മി ഗുണരത്നെ 45 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ചമരി അത്തപ്പട്ടു 43 റൺസെടുത്തു. പിന്നീട് വന്ന ഒരു താരത്തിനും ഇരട്ടയക്കം കടക്കാനായില്ല. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി ശ്രീലങ്ക 125 റൺസെടുത്തു.

മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. തുടർ ബൗണ്ടറികളുമായി ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കിയ ഷഫാലി വർമ 17 റൺസെടുത്ത് മടങ്ങി. വിസ്ഫോടനാത്മക ബാറ്റിംഗ് കാഴ്ചവച്ച സബ്ബിനേനി മേഘനയും 17 റൺസ് നേടി പുറത്തായി. ജമീമ റോഡ്രിഗസ് (3) നിരാശപ്പെടുത്തിയപ്പോൾ യസ്തിക ഭാട്ടിയ (13) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് ഹർമനാണ് ഇന്ത്യയെ വിജയിപ്പിച്ചത്.