തിരുവനന്തപുരത്ത് വീടിന്റെ ടെറസിൽ വളർത്തിയ കഞ്ചാവ് പിടികൂടി

0
91

തിരുവനന്തപുരം വിളപ്പിൽശാലയിൽ വീടിന്റെ ടെറസിൽ വളർത്തിയ കഞ്ചാവ് പിടികൂടി. കഞ്ചാവ് കൃഷി ചെയ്ത രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയോടെയാണ് വിളപ്പിൽശാല കൊങ്ങപ്പള്ളിയെ വീട് പൊലീസ് പരിശോധിച്ചത്. പരിശോധനയിൽ വീടിൻറെ ടെറസിൽ നിന്നും 18 കഞ്ചാവ് ചെടികൾ കണ്ടെത്തി. രണ്ട് പെട്ടികളിൽ മണ്ണ് നിറച്ചായിരുന്നു കഞ്ചാവ് കൃഷി. കഞ്ചാവ് നട്ടുവളർത്തിയ രഞ്ജിത്തിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.

ബിജെപി നേതാവ് സന്തോഷിന്റെ വീട്ടിലാണ് മകളുടെ ഭർത്താവായ രഞ്ജിത്ത് വർഷങ്ങളായി താമസിച്ചിരുന്നത്. ഇവിടെയാണ് രഞ്ജിത്ത് കഞ്ചാവ് കൃഷി ചെയ്തത്. സുഹൃത്തിൽ നിന്നാണ് കഞ്ചാവ് ചെടികൾ കിട്ടിയതെന്ന് രഞ്ജിത്ത് പൊലീസിന് മൊഴിനൽകി. ഈ സുഹൃത്തിനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി വിളപ്പിൽശാല പൊലീസ് അറിയിച്ചു.