കർണാടകയിൽ സ്ത്രീകളെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സംഭവം; വിവരങ്ങൾ നൽകുന്നവർക്ക് 1 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് പോലീസ്

0
49

ബംഗളൂരൂ : കർണാടകയിൽ സ്ത്രീകളെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്. ഒരു ലക്ഷം രൂപയാണ് പാരിതോഷികമായി ലഭിക്കുക. കർണാടക മാണ്ഡ്യ പോലീസാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്ത് വിട്ടത്. കർണാടകയിലെ മാണ്ഡ്യയിലുളള പാണ്ഡവപുരയിൽ നിന്നും ശ്രീരംഗപട്ടണത്ത് നിന്നും രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയത്.

ഇരുവരുടെയും മൃതദേഹം വെട്ടിനുറുക്കി വികൃതമാക്കിയ നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം ബാഗിൽ നിറച്ച നിലയിലും മറ്റൊന്ന് വെള്ളക്കെട്ടിലുമാണ് കണ്ടെത്തിയത്. ശരീരത്തിന്റെ മുകൾ ഭാഗങ്ങൾ നഷ്ടപ്പെട്ടിരുന്നു. മാണ്ഡ്യ പോലീസ് സ്വമേധയാ കേസെടുത്ത് 16 ദിവസം പിന്നിട്ടെങ്കിലും കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല.

മൃതദേഹം വെട്ടിനുറുക്കിയ രീതി പരിശോധിച്ചാൽ രണ്ട് കേസുകളും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത് . മൃതദേഹം തിരിച്ചറിയാൻ കഴിയാത്തതിനാൽ മരിച്ചത് ആരൊക്കെയാണെന്ന് കണ്ടെത്താനും പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനെ തുടർന്നാണ് പോലീസ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. അതേസമയം കേസിന്റെ തുടർ അന്വേഷണത്തിനായി മാണ്ഡ്യ പോലീസ് ഏഴ് പേർ അടങ്ങുന്ന പ്രത്യേക സംഘത്തെയും രൂപികരിച്ചിട്ടുണ്ട്.