ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന് നടക്കും; നാല് ഇന്ത്യൻ താരങ്ങൾ എതിർ ടീമിൽ കളിക്കും

0
73

ഇംഗ്ലണ്ട് പര്യടനത്തിലെ സന്നാഹ മത്സരം ഇന്ന് നടക്കും. കൗണ്ടി ക്ലബായ ലെസെസ്റ്റെർഷയറിനെതിരെ ഇന്ന് വൈകിട്ട് 3.30നാണ് ചതുർദിന മത്സരം ആരംഭിക്കുക. നാല് ഇന്ത്യൻ താരങ്ങൾ ലെസെസ്റ്റെർഷയറിനായി കളിക്കും. കഴിഞ്ഞ ദിവസം കൊവിഡ് മുക്തനായ വിരാട് കോലി ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. കൊവിഡ് ബാധിച്ച സ്പിന്നർ ആർ അശ്വിൻ ഇംഗ്ലണ്ടിലെത്തിയിട്ടില്ല. താരം ആദ്യ ടെസ്റ്റിനു മുൻപ് എത്തുമെന്നാണ് കരുതപ്പെടുന്നത്.

ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നീ താരങ്ങളാണ് ലെസെസ്റ്റെർഷയറിനായി കളിക്കുന്ന ഇന്ത്യൻ താരങ്ങൾ. മറ്റ് താരങ്ങൾ ഇന്ത്യൻ ടീമിനായി കളത്തിലിറങ്ങും. ജൂലായ് ഒന്നിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം നടക്കുക. ഈ മാസാവസാനം മറ്റൊരു സംഘം അയർലൻഡിനെതിരായ ടി-20 പരമ്പര കളിക്കും. പരമ്പരയ്ക്കുള്ള ടീം ഈ മാസം 23നോ 24നോ ഡബ്ലിനിലേക്ക് തിരിക്കും. 26, 28 തീയതികളിലായാണ് മത്സരങ്ങൾ. ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. രാഹുൽ ത്രിപാഠിയും ആദ്യമായി ടീമിൽ ഇടം നേടി. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഇതാദ്യമായാണ് ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്നതുകൊണ്ട് രോഹിത് ശർമ, വിരാട് കോലി, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശ്രേയാസ് അയ്യർ എന്നീ താരങ്ങൾ സ്‌ക്വാഡിലില്ല. ഇന്ത്യൻ ടീം: ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, ഋതുരാജ് ഗൈക്വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ തൃപാഠി, ദിനേഷ് കാർത്തിക്, യുസ്വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ഉംറാൻ മാലിക്. അയർലണ്ട് ടീം: ആൻഡ്രൂ ബാൽബേർണി, മാർക്ക് അഡയർ, കർട്ടിസ് കാംഫർ, ഗാരത് ഡെലനി, ജോർജ് ഡോക്ക്റെൽ, സ്റ്റീഫൻ ഡൊഹേനി, ജോഷ്വ ലിറ്റിൽ, ആൻഡ്രൂ മക്ബ്രൈൻ, ബാരി മക്കാർത്തി, കോണർ ഓൽഫെർട്ട്, പോൾ സ്റ്റിർലിങ്, ഹാരി ടെക്ടർ, ലോർകൻ ടക്കർ, ക്രെയ്ഗ് യങ്.