അസമിലെ പ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കുട്ടികളടക്കം 12 പേർ കൂടി മരിച്ചു

0
97

അസമിലെ പ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കുട്ടികളടക്കം 12 പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിലും ഉരുൾ പൊട്ടലിലും മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നു. പ്രളയം ബുധനാഴ്ചയും രൂക്ഷമായി തുടരുകയാണ്. ഹൊജായി ജില്ലയിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, കാംരൂപിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു, ബാർപേട്ടയിലും നൽബാരിയിലും മൂന്ന് പേർ വീതവും മരിച്ചു. 32 ജില്ലകളിലെ 4,941 വില്ലേജുകളിലായി 54.7 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. 
2.71 ലക്ഷത്തിലധികം ആളുകളാണ് 845 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. 1025 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും ജില്ലാ ഭരണകൂടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ബജാലി, ബക്‌സ, ബാർപേട്ട, ബിശ്വനാഥ്, ബോംഗൈഗാവ്, കച്ചാർ, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി, ദിബ്രുഗഡ്, ദിമ-ഹസാവോ, ഗോൾപാറ, ഗോലാഘട്ട്, ഹൈലകണ്ടി, ഹോജായ്, കാംരൂപ്, കാംരൂപ് മെട്രൊപൊളിറ്റൻ, കർബി ആംഗ്‌ലോങ് വെസ്റ്റ്, കരീംഗൻജ്‌ലിഖ്‌പൂർ , മോറിഗാവ്, നാഗോൺ, നാൽബാരി, ശിവസാഗർ, സോനിത്പൂർ, സൗത്ത് സൽമാര, താമുൽപൂർ, ടിൻസുകിയ, ഉദൽഗുരി ജില്ലകൾ പ്രളയത്തിൽ മുങ്ങി.
പ്രളയത്തിൽ 99,026 ഹെക്ടറിൽ കൂടുതൽ കൃഷിയാണ് നശിച്ചത്. കോപ്പിലി, ദിസാങ്, ബ്രഹ്മപുത്ര നദികളിലെ ജലനിരപ്പ് പലയിടത്തും അപകടകരമാംവിധമാണ് ഒഴുകുന്നത്. സൈന്യം, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), അസം പൊലീസിന്റെ ഫയർ ആൻഡ് എമർജൻസി സർവീസ് എന്നിവ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.
അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്ഥിതിഗതികൾ വിലയിരുത്താൻ ട്രെയിനിൽ നാഗോണിലെത്തി. പ്രളയബാധിത പ്രദേശങ്ങൾ ബോട്ടിൽ സന്ദർശിച്ച അദ്ദേഹം കാമ്പൂർ കോളേജിലെയും റാഹ ഹയർസെക്കൻഡറി സ്‌കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായി സംസാരിച്ചു.
മോറിഗാവ് ജില്ലയിലെ നെല്ലിയിലെ ദേശീയ പാതയോരത്തെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പ്രളയബാധിതരായ കുടുംബങ്ങളെ ശർമ്മ കാണുകയും അവർക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വ്യാഴാഴ്ച കച്ചാറിലെ സിൽച്ചാർ സന്ദർശിച്ചേക്കും.
കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ നാഗോൺ ജില്ലയിലെ കപിലി ബ്ലോക്കിലെ ഫുലാഗുരി ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. കേന്ദ്രസംഘം ഉടൻ സംസ്ഥാനത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് പിന്തുണയും സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. കാസിരംഗ നാഷണൽ പാർക്കിലെ മൊത്തം 233 ക്യാമ്പുകളിൽ 26 എണ്ണവും പ്രളയത്തിഷ മുങ്ങി. ഇവിടെ 11 മൃഗങ്ങളാണ് മുങ്ങിമരിച്ചത്.