സേതുരാമയ്യരുടെ അഞ്ചാം വരവിന് വന്‍ വരവേല്‍പ്പ്; രണ്ടാം ആഴ്ചയും നെറ്റ്ഫ്‌ലിക്‌സില്‍ വമ്പന്‍ കുതിപ്പ്

0
184

മലയാളികളെ ഒന്നടങ്കം സിബിഐയുടെ കേസന്വേഷണത്തിന്റെ ആരാധകരാക്കി മാറ്റിയ കഥാപാത്രമാണ് സേതുരാമയ്യര്‍. ശാന്ത സ്വഭാവക്കാരനും കൂര്‍മ്മബുദ്ധിയുള്ളവനുമായ സേതുരാമയ്യര്‍ അഞ്ച് തവണ വന്നപ്പോഴും ജനങ്ങള്‍ അദ്ദേഹത്തെ ഹൃദയപൂര്‍വം വരവേറ്റിരുന്നു. സിബിഐ സീരിസിലെ ഏറ്റവും പുതിയ ചിത്രമായ സിബിഐ 5 ദ ബ്രയ്ന്‍ എന്ന ചിത്രം തിയേറ്ററില്‍ മാത്രമല്ല ഒടിടിയിലെത്തിയപ്പോഴും വന്‍ വരവേല്‍പ്പ് നല്‍കുകയാണ് മലയാളികള്‍.

സിനിമ നെറ്റ്ഫ്‌ലിക്‌സിലെത്തിയിട്ട് രണ്ടാഴ്ചയാകുമ്പോഴും സേതുരാമയ്യരുടെ തട്ട് താണുതന്നെയാണ്. ജൂണ്‍ 13 മുതല്‍ ജൂണ്‍ 19 വരെയുള്ള ആഴ്ചയില്‍ നോണ്‍ ഇംഗ്ലീഷ് സിനിമ വിഭാഗത്തില്‍ നാലാമതാണ് സേതുരാമയ്യരുടെ സ്ഥാനം. ഈ മാസം 12 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഉടനടി നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യ ടോപ്പ് 10 മൂവി ലിസ്റ്റില്‍ സിബിഐ 5 ഒന്നാമതെത്തിയിരുന്നു. നെറ്റ്ഫ്‌ലിക്‌സില്‍ മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ കാണാനാവും. തിയേറ്ററുകളില്‍ മികച്ച വിജയം നേടിയതിന് ശേഷമാണ് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്തത്. തുടക്കം മുതല്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ലഭിച്ചത്.

സ്‌പൈഡര്‍മാന്‍ നോ വേ ഹോം, ആര്‍ആര്‍ആര്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളെ പിന്തള്ളിയാണ് സിബിഐ 5 ഒന്നാമതെത്തിയത്. ആദ്യത്തെ 9 ദിവസം കൊണ്ട് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. സായ്കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മെയ് 1 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്തു നിന്ന് ഒരേ പോലെ ചിത്രത്തിന് ലഭിച്ചത്. വിക്രമായി ജഗതി ശ്രീകുമാറിനെ സ്‌ക്രീനില്‍ വീണ്ടും അവതരിപ്പിച്ചത് തിയറ്ററുകളില്‍ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.