അഭയ കേസ്; ജാമ്യം ലഭിച്ച സിസ്റ്റര്‍ സെഫി ജയില്‍ വിട്ടു

0
65

എറണാകുളം: അഭയ കേസില്‍ ജാമ്യം ലഭിച്ച സിസ്റ്റര്‍ സെഫി ജയില്‍ വിട്ടു. അല്‍പ്പ സമയം മുമ്ബാണ് സെഫി ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

പുറത്തിറങ്ങിയ ശേഷം ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

അഭയ കൊലക്കേസ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച്‌ ഉപാധികളോടെ ഹൈക്കോടതി ഇന്നാണ് ജാമ്യം അനുവദിച്ചത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രതികളുടെ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ അനുകൂല വിധി. 5 ലക്ഷം രൂപ കെട്ടി വെക്കണം, പ്രതികള്‍ സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അഭയ കൊലക്കേസുമായി ബന്ധപ്പെട്ട ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റ് അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992ല്‍ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം ശിക്ഷയുമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ചത്. ഡിസംബര്‍ 23 ന് ശിക്ഷ പ്രഖ്യാപിച്ചതു മുതല്‍ ഇരുവരും ജയിലിലാണ്. തെളിവില്ലാതെയാണ് ശിക്ഷ വിധിച്ചതെന്നും അതിനാല്‍ ശിക്ഷ മരവിപ്പിക്കണമെന്നുമായിരുന്നു ആവശ്യം.