നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച യുവാവിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം

0
91

ന്യൂഡല്‍ഹി: നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച യുവാവിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. ഭാര്യയുടെ മുന്നിലിട്ട് യുവാവിനെ മുഖത്തും പിന്‍ഭാഗത്തും അടിച്ചു.
തടയാന്‍ ഭാര്യ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉത്തര്‍ പ്രദേശിലെ അയോധ്യയില്‍ സരയൂ നദിയിലാണ് യുവാവ് ഭാര്യയെ പരസ്യമായി ചുംബിച്ചത്. സമീപത്ത് കുളിച്ചുകൊണ്ടിരുന്നവര്‍ ഇത് കാണുകയും ചോദ്യം ചെയ്യുകയുമായിരുന്നു. തന്റെ ഭാര്യയാണെന്ന് യുവാവ് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. എല്ലാവരും ചേര്‍ന്ന് അടിക്കുകയും ചീത്ത വിളിക്കുന്നതുമായ വീഡിയോ പുറത്തുവന്നു.

കരയില്‍ കയറിയ ശേഷവും യുവാവിനെ മര്‍ദ്ദിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഭാര്യയും യുവാവും ഒരുമിച്ചാണ് കുളിച്ചിരുന്നത്. ഈ വേളയിലാണ് ചുംബിച്ചത്. ഇതുകണ്ടവര്‍ യുവാവിനെ വലിച്ചിഴച്ച്‌ കൊണ്ടുപോകുകയും മര്‍ദ്ദിക്കുകയും ചെയ്തു. അയോധ്യയില്‍ ഇത്തരം മോശം പരിപാടികള്‍ നടക്കില്ലെന്ന് അക്രമികളില്‍ ഒരാള്‍ പറയുന്നുണ്ടായിരുന്നു. ഭര്‍ത്താവിനെ മര്‍ദ്ദിക്കരുതെന്ന് യുവതി ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഭാര്യയെയും യുവാവിനെ കുളിക്കാന്‍ അനുവദിച്ചില്ല.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അയോധ്യ പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷിച്ച്‌ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചുവെന്നും പോലീസ് വ്യക്തമാക്കി. ഗംഗ നദിയുടെ ഏഴ് പോഷക നദികളില്‍ ഒന്നാണ് സരയു. ഹൈന്ദവര്‍ പുണ്യ നദിയായി കരുതുന്നതാണിത്. അയോധ്യയില്‍ സരയു നദിക്കരയോട് ചേര്‍ന്ന പ്രദേശത്താണ് രാമന്‍ ജനിച്ചത് എന്നാണ് വിശ്വാസം.