തമിഴ്‌നാട്ടിലുടനീളം 600 മൊബൈൽ ടവറുകൾ മോഷണം പോയി; മുംബൈ ആസ്ഥാനമായുള്ള കമ്പനി ചൊവ്വാഴ്ചയാണ് പരാതി നൽകിയത്

0
63

ചെന്നൈ: ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 32 ലക്ഷം രൂപ വിലമതിക്കുന്ന പ്രവർത്തനരഹിതമായ 600 മൊബൈൽ ടവറുകൾ തമിഴ്‌നാട്ടിലുടനീളം നിരവധി സംഭവങ്ങളിലായി മോഷണം പോയെന്ന് പരാതി. മുംബൈ ആസ്ഥാനമായുള്ള കമ്പനി ചൊവ്വാഴ്ചയാണ് പരാതി നൽകിയത്. 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ എയര്‍സെല്‍ കമ്പനിയുടെതായിരുന്നു ഈ ടവറുകള്‍.

പിന്നീട് ഇവ ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഏറ്റെടുത്തു. 2018 മുതൽ ടവറുകൾ പ്രവർത്തനരഹിതമാണെന്നും മോഷ്ടാക്കൾ ഓരോന്നായി മോഷ്ടിക്കാൻ തുടങ്ങിയെന്നും കമ്പനി പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച കമ്പനി 600 ടവറുകൾ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. തമിഴ്‌നാട്ടിൽ 6,000-ലധികം സെൽ ടവറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കൊവിഡ് പകർച്ചവ്യാധികൾക്കിടയിൽ കമ്പനി ഇവയുടെ മേല്‍നോട്ടം പലയിടത്തും നിർത്തിയതായും കമ്പനി അറിയിച്ചു.

ഒടുവിൽ, 600 ടവറുകൾ മോഷ്ടിക്കപ്പെട്ടതായി തമിഴ്‌നാട്ടിലുടനീളം തുടർന്നുള്ള സർവേകളിലൂടെ കമ്പനി കണ്ടെത്തി. ചില നിഗൂഢ സംഘം പകർച്ചവ്യാധി മുതലെടുത്ത് ടവറുകളും അതിന്‍റെ അനുബന്ധ വസ്തുക്കളും മോഷ്ടിച്ചുവെന്നാണ് കമ്പനി പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഭാവിയിൽ ഇത് സംഭവിക്കുന്നത് തടയണമെന്നും കമ്പനി പോലീസിനോട് ആവശ്യപ്പെട്ടു. ചെന്നൈ പൊലീസ് പരാതിയില്‍ കേസ് എടുത്തിട്ടുണ്ട്.