സോണിയാ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

0
70

ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാളെയും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.

 

ഇക്കാര്യം അറിയിച്ച്‌ സോണിയ ഗാന്ധി ഇ ഡിക്ക് കത്ത് നല്‍കി. ആരോഗ്യനില മെച്ചപ്പെടാന്‍ ആഴ്ചകളെടുക്കുമെന്നാണ് സോണിയ ഗാന്ധി കത്തിലൂടെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം നീട്ടി നല്‍കണം എന്നാണ് ആവശ്യം.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇഡി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. ഇന്നലെ മാത്രം 12 മണിക്കൂര്‍ ചോദ്യം ചെയ്തു. രാത്രി പതിനൊന്നരയോടെയാണ് രാഹുല്‍ ഇഡി ഓഫീസില്‍ നിന്നും മടങ്ങിയത്.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് കമ്ബനിയും രാഹുല്‍ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്ബനിയും തമ്മില്‍ നടത്തിയ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെര്‍ക്കന്റൈസ് എന്ന കമ്ബനിയുമായി നടത്തിയ സാമ്ബത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലില്‍ നിന്നും വിവരങ്ങള്‍ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം രാഹുല്‍ തേടിയിട്ടുണ്ട്.

അതേസമയം ഇ ഡി ചോദ്യം ചെയ്യുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എത്ര മണിക്കൂര്‍ വേണമെങ്കിലും ചോദ്യം ചെയ്യല്‍ മുറിയില്‍ ഇരിക്കാന്‍ മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജാനാധിപത്യ വിശ്വാസികളും ഒപ്പമുണ്ട്. ഇ ഡി ഒന്നുമല്ല. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയുക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് കയറിയതും വന്‍ പ്രതിഷേധത്തിന് ഇടയായിരുന്നു . ഇതിനെയെല്ലാം തുടര്‍ന്ന് ഇന്ന് രാഹുല്‍ഗാന്ധി എ ഐ സി സി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.