വാരണാസി എയർപോർട്ട്; സംസ്‌കൃത ഭാഷയിൽ അറിയിപ്പുകൾ നൽകുന്ന രാജ്യത്തെ ആദ്യ വിമാനത്താവളം

0
52

വാരണാസി ‘ലാൽ ബഹാദൂർ ശാസ്ത്രി’ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനിമുതൽ സംസ്‌കൃത ഭാഷയിലും കൊവിഡ് മുന്നറിയിപ്പുകൾ മുഴങ്ങും. എയർപോർട്ടിൽ വെള്ളിയാഴ്ച മുതൽ സംസ്‌കൃതത്തിലും കൊവിഡ് പ്രോട്ടോക്കോൾ അന്നൗൺസ് ചെയ്യാൻ ആരംഭിച്ചു. ഇതോടെ സംസ്‌കൃത ഭാഷയിൽ അറിയിപ്പുകൾ നൽകുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി വാരണാസി എയർപോർട്ട് മാറി.

ബനാറസ് ഹിന്ദു സർവകലാശാലയുമായി സഹകരിച്ചാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഈ സംരംഭം ആരംഭിച്ചത്. വാരണാസി പുരാതന കാലം മുതൽ സംസ്‌കൃതത്തിന്റെ കേന്ദ്രമായിരുന്നു. ഭാഷയെ ബഹുമാനിക്കുന്നതിനാണ് ഈ സംരംഭം ആരംഭിച്ചതെന്ന് എയർപോർട്ട് ഡയറക്ടർ ആര്യാമ സന്യാൽ പറയുന്നു. നേരത്തെ എല്ലാ വിവരങ്ങളും ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായിരുന്നു യാത്രക്കാർക്ക് നൽകിയിരുന്നത്.

അതേസമയം സംസ്‌കൃതത്തിൽ നിർദ്ദേശങ്ങൾ നൽകുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഉത്തർപ്രദേശിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണ് ഇത്. കൊറോണ കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലമാണ് ഉത്തർപ്രദേശിലെ വാരണാസി.