തനിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച്‌ വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ചു യുവാവ്

0
110

വളപട്ടണം: തനിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച്‌ വീട്ടമ്മയെ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ടു കുത്തി പരുക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടിനടുത്തെ രാമതെരുവിലാണ് സംഭവം. കഴുത്തിന് കുത്തേറ്റ വീട്ടമ്മ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്.

വീടിനടുത്തുള്ള റോഡരികില്‍ നില്‍ക്കുമ്ബോഴാണ് ഇവര്‍ക്ക് കുത്തേറ്റത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിവന്നപ്പോഴേക്കും അക്രമി ഓടി രക്ഷപ്പെട്ടു. രാമതെരുവിലെ അനിതാ പുരുഷോത്തമനാണ് തിങ്കളാഴ്ച്ച വൈകുന്നേരം റോഡരികില്‍ നില്‍ക്കവെ കുത്തേറ്റത്. സംഭവത്തില്‍ അയല്‍വാസിയായ രാമതെരുവിലെ റിജേഷിനെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു.

മുന്‍വൈരാഗ്യമാണ് അക്രമ കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടെരിയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അയല്‍വാസിയായ റിജേഷും അനിതയും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു.

തന്നെ കുറിച്ചു ഇവര്‍ അപവാദ പ്രചരണം നടത്തിയെന്നായിരുന്നു റിജേഷിന്റെ ആരോപണം. ഇതേതുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ഇയാള്‍ അക്രമം നടത്തിയത്. രാമതെരുവില്‍ നടന്ന ഒരു ബൈക്ക് മോഷണ കേസുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യം പൊലിസിന് ലഭിച്ചിരുന്നു. ഇതില്‍ റിജേഷിന്റെ ചിത്രവും പതിഞ്ഞിട്ടുണ്ടെന്ന് അനിത പലരോടും പറഞ്ഞതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് ഇയാള്‍ പൊലിസിന് നല്‍കിയ മൊഴി.