ഇന്ത്യയിലെ ഇന്റർനെറ്റ് വേഗം കുതിക്കുകയാണെന്ന് ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയുടെ റിപ്പോർട്ട്

0
68

ഇന്ത്യയിലെ ഇന്റർനെറ്റ് വേഗം കുതിക്കുകയാണെന്ന് ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയുടെ റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്തതിൽ ഏറ്റവും കൂടിയ വർധനവാണ് നിലവിലെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും രാജ്യാന്തര കണക്ക് എടുക്കുകയാണെങ്കിൽ ആദ്യത്തെ നൂറ് രാജ്യങ്ങളിൽ പോലും ഇന്ത്യ ഇല്ല എന്ന വസ്തുതയും നിലവിലുണ്ട്. ഊക്‌ലയുടെ 2022 മേയിലെ പട്ടികയിൽ മൊബൈൽ ഇന്റർനെറ്റ് സ്പീഡിൽ നോർവെയാണ്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യുഎഇയെ പിന്നിലാക്കിയാണ് നോർവെ ഇത്തവണ മുന്നിലെത്തിയിരിക്കുന്നത്. നോര്‍വെയിലെ ശരാശരി ഡൗൺ‌ലോഡ് വേഗം 129.40 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 18.41 എംബിപിഎസും ആണ്. ആഗോള ശരാശരി ഡൗൺ‌ലോഡിങ് വേഗം 30.37 എംബിപിഎസും അപ്‌ലോഡിങ് വേഗം 8.60 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

പട്ടികയിൽ രണ്ടാം സ്ഥാനത്ത് യുഎഇയാണ്. യുഎഇയിലെ ഇന്റർനെറ്റ് വേഗം 124.89 എംബിപിഎസ് ആണ്. ലോകത്തെ ദരിദ്ര രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ എന്ന വസ്തുതയും തള്ളിക്കളയാനാകില്ല. വികസനത്തിൽ ഏറെ പിന്നിലുള്ള പാക്കിസ്ഥാൻ ഈ പട്ടികയിൽ 113–ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 15.32 എംബിപിഎസും അപ്‌ലോഡ് 9.49 എംബിപിഎസുമാണ്. പട്ടികയിൽ 99–ാം സ്ഥാനത്തുള്ള കെനിയയിലെ ശരാശരി ഇന്റർനെറ്റ് വേഗം ഡൗൺലോഡ് 17.53 എംബിപിഎസും അപ്‌ലോഡ് 8.83 എംബിപിഎസുമാണ്. ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജിയോ നെറ്റ്‌വർക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളിൽ വേഗം നൽകുന്നത്. എന്നാൽ മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നൽകുന്നത്.

ഏറ്റവും കൂടുതൽ പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് ചൈനയിലാണ്. ചൈന പത്താം സ്ഥാനത്താണ് പട്ടികയിൽ. കഴിഞ്ഞ വർഷം പതിനാറാം സ്ഥാനത്തുണ്ടായിരുന്നതിൽ നിന്നാണ് ചൈന പത്താം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഖത്തർ (117.61 എംബിപിഎസ്), ദക്ഷിണ കൊറിയ (106.82 എംബിപിഎസ്), കുവൈത്ത് (104.47 എംബിപിഎസ്), നെതർലാൻഡ്സ് (102.92 എംബിപിഎസ്), ഡെൻമാർക്ക് (102.54 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വേഗം വെനിസ്വലയിലാണ്.