ഗുവാഹത്തി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അസമിൽ 11 പേർ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി. അസമിലെ വെള്ളപ്പൊക്കം ഗുരുതരമായി തുടരുന്നു. 30 ലധികം ജില്ലകളിലായി ഏകദേശം 42 ലക്ഷത്തോളം ആളുകളാണ് വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായിരിക്കുന്നത്. അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 82 ആയി. രക്ഷാ പ്രവർത്തനം നടത്തുന്നതിനിടെ നാഗോൺ ജില്ലയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു.
അസം വെള്ളപ്പൊക്കം ബാധിച്ച 47 ലക്ഷം ജനങ്ങളിൽ പകുതിയോളം പടിഞ്ഞാറൻ ജില്ലകളായ ബാർപേട്ട, ബക്‌സ, ഗോൾപാറ, കാംരൂപ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ബാർപേട്ടയിലെ മൊത്തം പ്രദേശത്തിന്റെ ഇരുപത്തിയൊന്ന് ശതമാനവും വെള്ളപ്പൊക്കത്തിൽപ്പെട്ടതായി സർക്കാർ അറിയിക്കുന്നു. ഇന്നും മഴ ശക്തമായിരിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. മഴയും വെള്ളപ്പൊക്കവും രൂക്ഷമായത് കാസിരംഗ നാഷണൽ പാർക്കിനെ ബാധിച്ചു. എട്ടോളം മൃഗങ്ങൾ ചത്തു. ഏഴ് മാനുകളും ഒരു പുള്ളിപ്പുലിയുമാണ് വെള്ളപ്പൊക്കത്തിൽ മുങ്ങി ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ വിലയിരുത്തിയിരുന്നു. അമിത് ഷാ തിങ്കളാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി സംസാരിച്ചു. കനത്ത മഴയിൽ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുന്ന അസമിലെയും മേഘാലയയിലെയും ജനങ്ങൾക്കൊപ്പം സർക്കാർ ഉറച്ചുനിൽക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. അസമിലെയും മേഘാലയയിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം (ഐഎംസിടി) സന്ദർശിക്കുമെന്നും അമിത് ഷാ പറഞ്ഞു.