മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഈ വര്‍ഷം തന്നെ ഉള്‍പ്പെടുത്തുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

0
91

മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഈ വര്‍ഷം തന്നെ ഉള്‍പ്പെടുത്തുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 2022 – 23 അധ്യയനവര്‍ഷം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗത്തില്‍ അക്ഷരമാല ഉള്‍പെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. കെപിബിഎസിലാണ് അച്ചടി നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

മലയാളം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ തീരുമാനിക്കുകയും അത് വാര്‍ത്താക്കുറിപ്പായി അറിയിക്കുകയും ചെയ്തതാണ്. മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തയും വന്നതാണ്. ഇപ്പോള്‍ സാംസ്‌കാരിക നായകര്‍ വീണ്ടും പ്രസ്താവന നല്‍കിയ സാഹചര്യത്തിലാണ് വിശദീകരണം. ഇപ്പോള്‍ ഈ പ്രസ്താവന എങ്ങനെ വന്നു എന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ആരംഭിച്ച്‌ കഴിഞ്ഞെങ്കിലും പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ ലഭ്യമാകാന്‍ ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നതിനാല്‍ നിലവിലെ ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉള്‍പ്പെടുത്തി അച്ചടി പൂര്‍ത്തിയാക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിക്കുകയായിരുന്നു. ഭരണ പരിഷ്‌കാര (ഔദ്യാഗിക ഭാഷ) വകുപ്പ് അംഗീകരിച്ച ഭാഷാ മാര്‍ഗനിര്‍ദ്ദേശക സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് നല്‍കുന്നത്. ആദ്യഭാഗം പാഠപുസ്തകങ്ങള്‍ നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു.