അഗ്‌നിപഥ് പദ്ധതി പ്രതിഷേധം രൂക്ഷം: ആയിരത്തിലധികം പേര്‍ അറസ്റ്റില്‍; ‘ഭാരത് ബന്ദ്’ ആഹ്വാനത്തില്‍ അതീവ ജാഗ്രത; സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി

0
57

ഡൽഹി: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെനറ് പദ്ധതിയായ അഗ്നിപഥുമായി മുന്നോട്ടുപോകാനുള്ള പദ്ധതിക്കെതിരെ ഇന്നും ശക്തമായ പ്രതിഷേധത്തിന് സാധ്യത. ഉദ്യോഗാര്‍ത്ഥികളുടെ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന് നടക്കും. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തര്‍ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.

അക്രമങ്ങള്‍ രൂക്ഷമായ ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. ബിഹാറില്‍ സംഘര്‍ഷം ഏറ്റവും രൂക്ഷമായ ഭോജ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം തുടരും. റെയില്‍വേ സ്റ്റേഷനുകളിലും പ്രധാനകേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡില്‍ സ്‌കൂളുകള്‍ അടച്ചിടാനാണ് തീരുമാനം. അഗ്നിപഥ് പദ്ധതിക്കെതിരെ ഉദ്യോഗാര്‍ഥികളുടെ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള ‘ഭാരത് ബന്ദ്’ കേരളത്തിലും ശക്തമാക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഡിജിപി അനില്‍കാന്ത് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.