അഗ്നിപഥ് പദ്ധതിയെ കുറിച്ച്‌ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

0
68

ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതിയെ കുറിച്ച്‌ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.

35 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്കാണ് ആഭ്യന്തര മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണം എന്നും ആഭ്യന്തര മന്ത്രാലയം പൗരന്‍മാരോട് പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും പ്രതിഷേധം സംഘടിപ്പിച്ചതിനും 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം പ്രതിഷേധങ്ങള്‍ മുഖവിലയ്ക്ക് എടുക്കേണ്ട എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. പദ്ധതി നടപ്പാക്കുമെന്ന് സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി വ്യക്തമാക്കി.

പിന്മാറ്റത്തിന്റെ ചോദ്യമുദിക്കുന്നില്ല. എല്ലാ റിക്രൂട്ട്മെന്റുകളും അഗ്‌നിപഥ് പദ്ധതിയിലൂടെ മാത്രമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ സേവനമനുഷ്ഠിക്കുന്ന സാധാരണ സൈനികര്‍ക്ക് ബാധകമായ അതേ അലവന്‍സ് സിയാച്ചിന്‍ പോലുള്ള പ്രദേശങ്ങളിലും മറ്റ് പ്രദേശങ്ങളിലും അഗ്‌നിവീരന്മാര്‍ക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സേവന സാഹചര്യങ്ങളില്‍ അവരോട് വിവേചനം ഇല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തിന് അത് പിന്‍വലിക്കണം? രാജ്യത്തെ യുവജനമാക്കാനുള്ള ഒരേയൊരു പുരോഗമന നടപടിയാണിത്. എന്തിനാണ് അതിനെ ചെറുതാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ദേശീയ സുരക്ഷയില്‍ മുഴുകുകയാണ് എന്നും അദ്ദേഹം പറഞ്ഞു.