തെരുവുനായ്ക്കളെ കൊല്ലാൻ വീട്ടുവളപ്പിൽ സ്ഥാപിച്ച കെണിയിൽ തട്ടി ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

0
90

ശ്രീകൃഷ്ണപുരം (പാലക്കാട്): തെരുവുനായ്ക്കളെ കൊല്ലാൻ വീട്ടുവളപ്പിൽ സ്ഥാപിച്ച കെണിയിൽ തട്ടി ഷോക്കേറ്റ് ഒരാൾ മരിച്ചു. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് കുറുവട്ടൂർ ഇടുപടിക്കൽ സഹജൻ (54) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു അപകടമുണ്ടായത്. വൈദ്യുതി കെണിയൊരുക്കിയ സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കൽ രാജേഷ് (31), പ്രമോദ് (19), പ്രവീൺ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 
കഴിഞ്ഞ ദിവസമാണ് സംഭവം. തെരുവുപട്ടികളുടെ ശല്യം കാരണം വീട്ടുകാർ വളപ്പിൽ വൈദ്യുതിക്കെണിയൊരുക്കി. എന്നാൽ അബദ്ധത്തിൽ സഹജൻ കെണിയിൽപ്പെടുകയായിരുന്നു. ഷോക്കേറ്റ സഹജനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹജനും സഹോദരന്മാരും അടുത്തടുത്ത വീടുകളിലാണു താമസം. സഹോദരങ്ങളുടെ മക്കളാണ് വൈദ്യുതി കെണിയൊരുക്കിയത്. അനധികൃതമായി സമീപത്തെ വൈദ്യുതി ലൈനിൽനിന്നാണ് കെണിയിലേക്ക് വൈദ്യുതി കണക്ട് ചെയ്തത്.
ബന്ധുക്കൾ ഒരുക്കിയ കെണിയിൽപെട്ടാണ് ഷോക്കേറ്റതെന്ന് ശ്രീകൃഷ്ണപുരം പൊലീസ് ഇൻസ്പെക്ടർ കെ എം ബിനീഷ് പറഞ്ഞു.  പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. മിനിയാണ് സഹജന്റെ ഭാര്യ. മകൻ: വിഷ്ണു. മകൾ: ദിവ്യ. മരുമകൻ: സുരേഷ്.