കടയില്‍വെച്ച് വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് വയോധികനെ വെട്ടി, ഒരാള്‍ പിടിയില്‍

0
85

തിരുവനന്തപുരം: മംഗലപുരം കൊയ്ത്തൂർ കോണത്ത് ഒരാൾക്ക് വെട്ടേറ്റു. കൊയ്തൂർക്കോണം സ്വദേശി ഇബ്രാഹിമി (64) നാണ് വെട്ടേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് കരിക്കകം സ്വദേശിയും ഇപ്പോൾ കൊയ്തൂർകോണത്ത് വാടകയ്ക്ക് താമസിക്കുന്ന ബൈജുവിനെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. കടയിൽവെച്ച് ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ബൈജു വീട്ടിൽ പോയി വെട്ടുകത്തി എടുത്ത് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇബ്രാഹിമിന്‍റെ ചെവി അറ്റുപോകുകയും കൈപ്പത്തിയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇബ്രാഹിമിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമെന്ന് പൊലീസ് പറഞ്ഞു.